ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലെ പുരോഗതി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ശക്തമായ ബന്ധം എടുത്തുപറഞ്ഞ മന്ത്രി, ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പുരോഗതി കാണാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി.
‘ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണനയുണ്ട്, എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര ബന്ധങ്ങളിൽ നമുക്ക് അളക്കാവുന്ന പുരോഗതി കൈവരിക്കേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി റെയ്‌സിന ഐഡിയസിൽ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) പ്രസിഡന്റ് സമീർ സരണുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫർഹാൻ അൽ-സൗദ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നതായി അൽ സൗദ് പറഞ്ഞു. ‘അതിന്റെ ഭാഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശിയും തമ്മിലുള്ള ശക്തമായ ബന്ധം. വളരെ ശക്തമായ പ്രവർത്തന ബന്ധമുള്ളവരാണ്. അവർക്ക് രണ്ടുപേർക്കും വളരെ ഏറെ സാമ്യങ്ങളുണ്ട്. അവർ പുരോഗതി കാണാൻ ആഗ്രഹിക്കുന്നു, അതിനർത്ഥം സർക്കാരിൽ ഞങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ്’, അദ്ദേഹം പറഞ്ഞു.
Post Your Comments