നടൻ നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രതിസന്ധികൾക്ക് ഒടുവിൽ പ്രദർശനത്തിന് എത്തുകയാണ്. മാർച്ച് പത്തിന് ചിത്രം റിലീസ് ചെയ്യും. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
മൂന്ന് തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. അതിന് പിന്നില്‍ നിര്‍മ്മാതാവിന്‍റെ പ്രശ്നങ്ങളാണെന്ന് നിവിന്‍ പോളി ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയിൽ വെളിപ്പെടുത്തി. കോടികളുടെ ബാധ്യത തന്‍റെ തലയില്‍ ഇടാന്‍ ശ്രമിച്ചുവെന്നും നിവിൻ പറയുന്നു.
നടന്റെ വാക്കുകൾ ഇങ്ങനെ,
തുറമുഖം ഇത്ര പ്രശ്നത്തിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രം. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രവാശം പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിര്‍മ്മാതാവിനോട് ചോദിക്കും ആകുമെന്ന് അദ്ദേഹം പറയും. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. അത് നല്ല കാര്യമായി തോന്നിയില്ല.
ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഈ സിനിമ ഏറ്റെടുത്തത്. ഒരുഘട്ടത്തില്‍ ഞാന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നത്.
Post Your Comments