കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂർണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടർ ഡോ രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കൽ ക്യാംപ് സന്ദർശിക്കുകയായിരുന്നു കളക്ടർ.
തീയും പുകയും പൂർണമായി അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ 30 ഫയർ ടെൻഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.
മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാൻ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളിൽ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകളിൽ മുകളിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നു. ആറു ദിവസമായി തുടർച്ചയായി ജോലി ചെയ്തുവരുന്ന ജീവനക്കാരാണ് ഇവിടെയുള്ളത്. പരിശീലനം നേടിയ വിദഗ്ധരായവർക്ക് മാത്രമേ ഇത്തരത്തിലുള്ള ജോലി ചെയ്യാൻ കഴിയൂവെന്നും കളക്ടർ പറഞ്ഞു.
ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, 12 വയസിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
Post Your Comments