Latest NewsKeralaNews

വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ

പത്തനംതിട്ട: വെട്ടൂർ ചാങ്ങയിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് പുതിയറ സ്വദേശി അക്ഷയ് (32), സഹോദരൻ അശ്വിൻ (35) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടു നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാറിലെത്തിയ 5 അംഗ സംഘം അജേഷ് കുമാറിനെ (ബാബുക്കുട്ടൻ, 40) വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

അക്ഷയ്‌യുടെ ബന്ധുവീട് നോക്കിനടത്തുന്നത് അജേഷായിരുന്നു. ബന്ധുവിന്റെ വിഡിയോ ദൃശ്യം കയ്യിലുണ്ടെന്നു പറഞ്ഞ് അക്ഷയ്‌യുടെ വീട്ടിൽ വിളിച്ചു അജേഷ് പലതവണ ഭീഷണിപ്പെടുത്തി. പലതവണ താക്കീത് ചെയ്തെങ്കിലും പിന്നെയും ഭീഷണി തുടർന്നു. തുടർന്ന് അക്ഷയ്‌യുടെ നേതൃത്വത്തിൽ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തട്ടിക്കൊണ്ടു പോയ അജേഷ് കുമാറിനെ കാറിലിട്ടു ക്രൂരമായി മർദിച്ചു. സൈബർ പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഇവർ മറ്റൊരു കാറിൽ പോകുന്നതായി കണ്ടെത്തി. പൊലീസ് പിന്തുടരുന്നതറിഞ്ഞ് പാലാ കഴിഞ്ഞ ശേഷം ആദ്യ കാർ മാറുകയായിരുന്നു. എന്നാല്‍, പൊലീസ് വീണ്ടും പിന്തുടരുന്നുണ്ടെന്നറിഞ്ഞ് അജേഷിനെ പ്രതികൾ തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം ഇറക്കി വിട്ടു.

അവിടെ നിന്നു ടാക്സിയിൽ കയറി അജേഷ് വെട്ടൂരിലേക്കു തിരികെപ്പോരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജേഷ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ 3 പ്രതികളെയും ഇവർ ഉപയോഗിച്ച കാറും കൂടി പിടികൂടാന്‍ ഉണ്ട്. ഇതിനായി പ്രത്യേക സംഘം അന്വേഷണം തുടരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു മലയാലപ്പുഴ എസ്എച്ച്ഒ കെഎസ് വിജയൻ, എസ്ഐമാരായ ടി അനീഷ്, ഷെമിമോൾ, പത്തനംതിട്ട എസ്ഐ എസ് ജിനു, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, സുധീഷ് സുകേഷ്, ജയകൃഷ്ണൻ, സജിൻ, ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button