പത്തനംതിട്ട: വേനൽക്കാലമായതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. മാർച്ച് മൂന്നു മുതൽ ഏപ്രിൽ 30 വരെയാണ് ജോലിസമയം പുന:ക്രമീകരിച്ചത്. പത്തനംതിട്ട ജില്ലാ ലേബർ കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 04682222234, 8547655259.
Read Also: ഒരു സ്മാർട്ട് ഫോണിന് രണ്ട് ബിയർ സൗജന്യം: വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്
Post Your Comments