ഒരേ സിറിഞ്ച് നിരവധി രോഗികളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം. സംഭവത്തിൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ശനിയാഴ്ച പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഉയർന്നത്. ഒരേ സിറിഞ്ചിൽ നിന്ന് നിരവധി കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകിയതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് കുമാർ അഗർവാളിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഫെബ്രുവരി 20 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. അന്നേദിവസം രാത്രി തന്നെ ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രവർത്തകർ തങ്ങളെ നിർബന്ധിച്ച് പുറത്താക്കിയതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അനേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. തങ്ങളെ പരിശോധിച്ച ഡോക്ടർ എല്ലാ കുട്ടികൾക്കും ഒരേ സിറിഞ്ച് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ പരിശോധന നടന്ന വരികയാണ്.
Post Your Comments