രാജ്യത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കനില്ലാത്ത സന്ദർശന സൗകര്യം ഒരുക്കാനും, തീർത്ഥാടകർക്കുള്ള മുറികളൊരുക്കുന്നത് സൗകര്യപ്രദമാക്കുന്നതിന്റെയും ഭാഗമായാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ, വൈകുണ്ഠം 2 കോംപ്ലക്സിലും, അക്കൊമഡേഷൻ മാനേജ്മെന്റ് സംവിധാനത്തിലുമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ, തീർത്ഥാടകർ ഒന്നിലധികം ടോക്കനുകൾ കൈപ്പറ്റുന്നത് തടയാനും, സന്ദർശനം കാത്തുനിൽക്കുന്നവർക്ക് പ്രയാസകരമായ രീതിയിൽ ആവർത്തിച്ച് സന്ദർശനം നടത്തുന്നവരെ തടയാനും സാധിക്കും. ഒരു മാസം ഒന്നിൽ കൂടുതൽ തവണ ആർക്കും സൗജന്യ സന്ദർശനം ക്ഷേത്രത്തിൽ അനുവദിക്കുകയില്ല.
നിലവിൽ അവതരിപ്പിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ വിജയകരമായാൽ, ക്ഷേത്രത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. ലിംഗഭേദം, വയസ്സ് എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആധാരമാക്കി പ്രത്യേകം വേർതിരിക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നതാണ്.
Post Your Comments