തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത വിവാദമായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ 2022 നവംബര്‍ 10ന് സംപ്രേഷണം ചെയ്ത ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടേതായ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന് പരാതി ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയില്‍ അന്വേഷണം നടത്തുകയാണ്. പ്രസ്തുത വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്‌കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്’
ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് വിവാദമായിരിക്കുന്നത്. പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടവരുമായി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും, സമാന പ്രായമുള്ള പലരുമായും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും വാര്‍ത്തയിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
Post Your Comments