തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കമുണ്ടെന്ന വാദം ആവർത്തിച്ച് ജയരാജൻ. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്.
എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ പി മറുപടി നൽകി. ഉന്നത ഉദ്യോഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു. കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി രംഗത്തെത്തിയിരുന്നു.
വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്. തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.
Post Your Comments