എലിക്കുളം: കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേർ അറസ്റ്റിൽ. ഇടമറ്റം വാകവയലിൽ ചന്തു സാബു (21), വിളക്കുമാടം പനക്കൽ നെബു ലോറൻസ് (24), ഇടമറ്റം കുളമാക്കൽ അഖിൽ കെ. സുധാകരൻ (30), പൂവത്തോട് ഈട്ടിക്കൽ ആകാശ് രാജു (22), ഇയാളുടെ സഹോദരൻ അവിനാശ് രാജു (24), ഇടമറ്റം കോഴികുത്തിക്കര കെ.പി. സീജൻ (46), ഇടമറ്റം ഐക്കര ജി. ബിനു (41), ഇടമറ്റം നെടുവേലി എൻ.ആർ. റെജി (59)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : സാമ്പത്തിക തട്ടിപ്പ്: മലയാളികൾ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
കഴിഞ്ഞ ദിവസം ആണ് അറസ്റ്റിന് ആസ്പദമായ സംഭവം. ഇവർ സംഘം ചേർന്ന് കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളയ്ക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് യുവാക്കളെ പ്രതികൾ കുരുവിക്കൂട് ഭാഗത്തേക്ക് വിളിച്ചു വരുത്തി കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന്, ഇവർ സംഭവസ്ഥലത്തുനിന്ന് മുങ്ങി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പല സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ എൻ. രാജേഷ്, എസ്ഐ പി.ടി. അഭിലാഷ്, നിസാർ, സിപിഒമാരായ ജയകുമാർ, ബിവിൻ, മുഹമ്മദ് റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments