ന്യൂഡൽഹി: ഡൽഹിയിൽ മുൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന അജയ് പാൽ(37), ഭാര്യ മോണിക്ക(32) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
വ്യത്യസ്ത സമയങ്ങളിലായി ആണ് ഇവര്‍ വീട്ടിൽ വെച്ച് ജീവനൊടുക്കിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
അജയ് പാൽ ആണ് ആദ്യം വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് വായിൽനിന്ന് നുരയുംപതയും വന്നനിലയിൽ അജയിനെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഉടൻതന്നെ ഭാര്യ മോണിക്ക സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയ മോണിക്കയും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് മോണിക്ക വീട്ടിൽവെച്ച് വിഷം കഴിച്ചത്. പോലീസെത്തി വാതിൽ പൊളിച്ച് വീടിനകത്ത് കയറിയെങ്കിലും മരിച്ചനിലയിലാണ് യുവതിയെ കണ്ടെത്തിയത്.
Post Your Comments