കണ്ണൂർ : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കണ്ണൂരിലെ വിവാദമായ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണ്‍. മകന്‍ ജെയ്‌സനും റിസോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുണ്ട്. വ്യാഴാഴ്ച രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. ജിഎസ്ടി വകുപ്പ് ഉദ്യോദഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 13 ഡയറക്ടര്‍മാര്‍ ഉള്ള റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരിയുള്ളത് ജെയ്‌സനാണ്.
ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്തിനു പിറകെയാണ് ഈ റെയ്ഡ് നടപടികൾ. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപി നൽകിയിരുന്ന വിശദീകരണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ നിര്‍മാണം അനുമതിയില്ലാതെയെന്നുള്ള വിവരങ്ങളും പുറത്തു വരികയാണ്. അനുമതികള്‍ പലതും നേടിയെടുത്തത് നിര്‍മാണം ആരംഭിച്ചതിന് ശേഷമാണെന്ന് പരാതിക്കാരനായ കെ.വി സജിന്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി കൂടിയായ സജിന്‍ പറഞ്ഞിരുന്നു.
പരാതിയുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് സജിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഎം നീക്കി. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ നൽകിയിരുന്നത്. അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുകയും, മലിനീകരണ ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നുവെന്നും സജിന്‍ പറഞ്ഞു. ഇ.പി ജയരാജന് കൂടുതല്‍ കെണിയൊരുക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വിഷയത്തില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജന്‍ സി പി എം സംസ്ഥാന സമിതിയില്‍ സംസാരിച്ചതോടെയാണ് റിസോര്‍ട്ട് വീണ്ടും വിവാദത്തിലേക്ക് എത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചതിന്റെ പേരില്‍ പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തില്‍ പുറത്താക്കുകയായിരുന്നുവെന്ന് സജിന്‍ പറയുന്നു.
Post Your Comments