ഖഗാരിയ: ബീഹാറിലെ ഖഗാരിയ ജില്ലയിൽ സിനിമയെ വെല്ലുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യയോട് ഭർത്താവ് പ്രതികാരം വീട്ടിയത് വിചിത്ര രീതിയിൽ. ഭാര്യ ഒളിച്ചോടി പോയ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്താണ് യുവാവ് പകരം വീട്ടിയിരിക്കുന്നത്. നീരജ് കുമാർ സിംഗ് എന്ന വ്യക്തിയാണ് കഥയിലെ നായകൻ.
2009 ൽ ചൗതം പോലീസ് സ്റ്റേഷൻ പരിധിയിലെ പസ്രഹ ഗ്രാമത്തിൽ നിന്നുള്ള റൂബിയുമായി നീരജിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് നാല് കുട്ടികളുമുണ്ട്. ഇതിനിടെയാണ് റൂബി തന്റെ ജന്മദേശമായ പസ്രാഹ ഗ്രാമത്തിൽ താമസിക്കുന്ന മുകേഷ് കുമാർ സിങ്ങുമായി അടുപ്പത്തിലായത്. ഇയാളും വിവാഹിതനായിരുന്നു. മുകേഷിന്റെ ഭാര്യയുടെ പേരും റൂബി എന്ന് തന്നെയാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
ഭാര്യയ്ക്ക് കാമുകനുമായുള്ള ബന്ധത്തെ കുറിച്ചറിഞ്ഞ നീരജ് ഇത് എതിർത്തു. എന്നാൽ, ഭാര്യ ഇത് അവഗണിച്ച് 2022 ഫെബ്രുവരി 6 ന് കാമുകനായ മുകേഷിനൊപ്പം ഒളിച്ചോടി. കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഇവർ ഒളിച്ചോടിയത്. നീരജിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് ഇരുവരെയും കോടതിയിൽ ഹാജരാക്കി. എന്നാൽ, പരസ്പരം പ്രണയിച്ച് ഒളിച്ചോടിയതിനാൽ ഇവരെ ഒരുമിച്ച് ജീവിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ഇതോടെ, കമിതാക്കൾ ഒന്നിക്കുകയും, അവരുടെ പങ്കാളികൾ തനിച്ചാവുകയും ചെയ്തു. മുകേഷിന്റെ രണ്ട് മക്കളെ കോടതി ഇടപെട്ട് നീരജിനൊപ്പം പറഞ്ഞയച്ചു. ഇതിനിടെയാണ് മുകേഷിന്റെ ഭാര്യയുമായി നീരജ് അടുപ്പത്തിൽ ആകുന്നതും, ശേഷം ഇവർ വിവാഹം കഴിക്കുകയായിരുന്നു.
Post Your Comments