തെലങ്കാന: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജൂനിയർ ഡോക്ടർ പ്രീതിയുടെ കുടുംബത്തിന് പൂർണ പിന്തുണയുമായി തെലങ്കാന മന്ത്രി കെ.ടി.രാമറാവു. കേസിൽ കുറ്റക്കാർ ആരായാലൂം അവരെ വെറുതെ വിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ സൈഫായാലും സഞ്ജയ് ആയാലും കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പ്രീതിയുടെ മരണം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, പ്രീതിയുടെ മരണത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ വാറങ്കൽ സ്വദേശിനി ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ച്ച ആത്മഹത്യക്ക് ശ്രമിച്ച പ്രീതി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായിരുന്നു പ്രീതി. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു യുവതി. ബുധനാഴ്ച പുലർച്ചെ ഡ്യൂട്ടിക്കിടെ എംജിഎം ആശുപത്രിയിലെ സ്റ്റാഫ് റൂമിലാണ് പ്രീതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ കൂടാതെ, റാഗിംഗുമായി ബന്ധപ്പെട്ട വകുപ്പുകളും എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള വകുപ്പുകളും സൈഫിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
Post Your Comments