മനോഹരമായ ഫോട്ടോകൾ പകർത്തുമ്പോൾ മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ചിത്രങ്ങളിൽ ആവശ്യമില്ലാത്ത ആളുകളും വസ്തുക്കളും ഉൾപ്പെടുന്നത്. ഇവ നീക്കം ചെയ്യാൻ ഒട്ടനവധി തേർഡ് പാർട്ടി ആപ്പുകൾ ലഭ്യമാണെങ്കിലും, ഉപഭോക്താക്കൾക്ക് ഇത്തരം അനാവശ്യ വസ്തുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യാനുളള അവസരം ഒരുക്കുകയാണ് ഗൂഗിൾ. ഗൂഗിൾ പിക്സൽ 6- നൊപ്പം ആദ്യമായി അവതരിപ്പിച്ച മാജിക് ഇറേസർ ഫീച്ചറാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഹാൻഡ്സെറ്റുകളിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് ഉപയോഗിക്കുന്ന ഗൂഗിൾ വൺ സബ്സ്ക്രൈബർമാർക്ക് മാജിക് ഇറേസർ ഫീച്ചർ ലഭിക്കുന്നതാണ്.
ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ആളുകൾ, വസ്തുക്കൾ എന്നിവ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുമെന്നതാണ് മാജിക് ഇറേസർ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഈ ഫീച്ചറിന് പുറമേ, ഗൂഗിൾ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഒരു ഫോട്ടോയിലെ പ്രധാന ഒബ്ജക്റ്റിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ, മറ്റു ഒബ്ജക്ടുകളിലെ വർണ്ണങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന കാമോഫ്ലാഗ് (Camouflage) ഫീച്ചറും ലഭിക്കുന്നതാണ്. ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ നിരക്ക് പ്രതിമാസം 130 രൂപ മുതലാണ് ആരംഭിക്കുന്നത്.
Post Your Comments