KeralaLatest NewsNews

വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം, സർജറിയിലാണ് പ്രതീക്ഷ; അഷ്‌റഫ് താമരശേരി

കോഴിക്കോട്: കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ഭാരം പേറി അറബ് നാട്ടിലെത്തുന്ന മലയാളികളിൽ ചിലർ ചേതനയറ്റ ശരീരമായിട്ടാണ് മടങ്ങുന്നത്. ഇങ്ങനെയുള്ളവരുടെ മൃതദേഹം കൃത്യമായി നാട്ടിലെത്തിക്കുന്ന മനുഷ്യസ്നേഹിയാണ് അഷ്‌റഫ് താമരശേരി. പ്രവാസ ലോകത്ത് മരിച്ചവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു അസാമാന്യ മനുഷ്യൻ ആണ് അദ്ദേഹം. മൃതദേഹങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ഓട്ടം ഒരു പ്രവാസിക്കും മറക്കാനാകില്ല. ഇപ്പോഴിതാ, തന്റെ ജോലിയിൽ കർമനിരതനായിരുന്ന അദ്ദേഹം കുറച്ച് നാളുകൾ ലീവ് എടുത്തിരിക്കുകയാണ്. തന്നെ അലട്ടുന്ന രോ​ഗത്തെക്കുറിച്ച് അദ്ദേഹം പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നടുവേദനയെ തുടർന്ന് സർജറിക്കൊരുങ്ങുകയാണ് അദ്ദേഹം.

അഷറഫ് താമരശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

വർഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകൾ തള്ളി നീക്കി. സത്യം പറഞ്ഞാൽ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌. ചില പൊടിക്കൈകൾ ചെയ്ത് ദിവസങ്ങൾ തള്ളി നീക്കും. വേദന വർധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവർ വന്ന് സഹായത്തിന് വിളിക്കുമ്പോൾ കഴിയുന്ന രീതിയിൽ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അൽപ്പ നേരം നിൽക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോൾ സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടർമാരുമായി വിഷയം ചർച്ച ചെയ്തു. അവസാനം ഓപറേഷനാണ് എല്ലാവരും നിർദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോൾ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയിൽ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷൻ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സർജറികൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാൻ മാത്രം. ഓപ്പറേഷൻ സുഗമമായി നടക്കാനും കൂടുതൽ കരുത്തോടെ പ്രവർത്തനമേഖലയിൽ സജീവമാകാനും നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഉണ്ടാകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button