തിരുവനന്തപുരം: റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാമെന്ന കാര്യം പലരും ഓർമ്മിക്കാറില്ല. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും. റോഡപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
Read Also: ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇടിവോടെ സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
* പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്.
* ആവശ്യമെങ്കിൽ തൂവാല, വൃത്തിയുള്ള വസ്ത്രം എന്നിവ ഉപയോഗിച്ച് അപകടം മൂലമുണ്ടായ രക്തസ്രാവം തടയാൻ ശ്രമിക്കുക.
* അപകടത്തിൽപ്പെട്ടയാൾക്ക് ബാഹ്യമായി പരിക്കുകളൊന്നുമില്ലെങ്കിലും മെഡിക്കൽ പരിശോധനയ്ക്കായി വിധേയമാക്കണം. ആന്തരിക ക്ഷതം നമുക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. പരിക്ക് പിന്നീട് സങ്കീർണമാകാതിരിക്കാൻ ഇത് ഉപകാരപ്പെടും.
* പരിക്കേറ്റവരെ, പ്രത്യേകിച്ച് തലയ്ക്ക് പരിക്കേറ്റവരെ നീക്കുമ്പോൾ അയാളെ ചുറ്റിപ്പിടിച്ചെടുക്കുന്നത് അപകടകരമാണ്. കഴുത്ത് മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ബലമായി പിടിച്ചിരുത്തി ആശുപത്രിയിലേക്ക് പോകരുത്. ആംബുലൻസ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ഇതിലുള്ള മികച്ച അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താം. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക് ഒന്ന് വിളിച്ച് പറയുക കൂടി ചെയ്താൽ അവർക്ക് മുൻകൂട്ടി തയ്യാറായിരിക്കാൻ സാധിക്കും.
* പരിക്കേറ്റയാൾ വണ്ടിക്കകത്ത് അകപ്പെട്ട രീതിയിലാണ് വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്സിനെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത് കൊണ്ട് തന്നെ വാഹനത്തിനകത്ത് കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
* പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്ന അവസ്ഥയോ റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് മറ്റൊരു അപകടത്തിന് കാരണമാകാനോ സാധ്യതയുണ്ടെങ്കിൽ, പരിക്കേറ്റവരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക
* പരിക്കേറ്റയാൾ ബോധാവസ്ഥയിലാണോ? ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചാൽ, അയാൾ ബോധത്തിലാണോ അല്ലയോ എന്നറിയാൻ കഴിയും
* പരിക്കേറ്റ വ്യക്തിയുടെ വായയ്ക്കോ മൂക്കിനോ സമീപം ചെവിചേർത്ത് വച്ച് ശ്രദ്ധിച്ചാൽ അയാൾ ശ്വസിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും.
* രക്തസ്രാവം എവിടെയാണ്, രക്തസ്രാവത്തിന്റെ വ്യാപ്തി എന്താണ്? ഛർദ്ദിച്ചതായി കാണുന്നുണ്ടോ? മറ്റെന്തെങ്കിലും അസാധാരണതകളോ പ്രശ്‌നങ്ങളോ ഉണ്ടോ? അസ്ഥിയുടെ ഘടനയുടെയോ ശരീരത്തിൻറെയോ ഏതെങ്കിലും ഭാഗം രൂപഭേദം സംഭവിച്ചതായി തോന്നുന്നുണ്ടോ? ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രത്യേകിച്ച് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടോ? മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ഈ വക കാര്യങ്ങൾ ശ്രദ്ധിക്കുക.
* അപകടത്തിൽപ്പെട്ടയാൾക്ക് ചുറ്റും കൂടുന്നവർ വെള്ളം കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ് ഇത് കൂടുതൽ അപകടം വിളിച്ച് വരുത്തുന്ന സംഗതിയാണ്. തലയ്ക്കും കഴുത്തിനും കാഴ്ചയിൽ പരിക്കുകൾ ഇല്ല എന്ന് തോന്നിയാലും അങ്ങനെ ഉണ്ടാകാം എന്ന ധാരണയിൽ വേണം പരിചരിക്കാൻ. ഈയവസരത്തിൽ വെള്ളം പോലുള്ള പാനീയങ്ങൾ കൊടുക്കുന്നത് വിഴുങ്ങാൻ കഴിയാതെ ശ്വാസകോശത്തിൽ കയറാനും അങ്ങനെ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
* അപകടം എത്ര നിസാരമാണെങ്കിലും അത് പോലീസിൽ റിപ്പോർട്ട് ചെയ്യണം.
Post Your Comments