നേമം: യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി തട്ട് വേണു എന്ന വേണുവാണ് (54) അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളിയാണ് ഇയാൾ.
വഞ്ചിയൂർ ഭാഗത്ത് കട നടത്തുന്ന കരമന സ്വദേശിനിക്ക് ഇയാൾ ഒരുലക്ഷം രൂപ കടം കൊടുത്തിരുന്നു. മാസം 10,000 രൂപ പലിശ വാങ്ങുകയും മുഴുവൻ തുകയും തിരികെ വാങ്ങുകയും ചെയ്തു. തുടർന്ന്, കൂടുതൽ തുകക്കുവേണ്ടി വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ഫോർട്ട് എ.സി എസ്. ഷാജിയുടെ നിർദ്ദേശപ്രകാരം കരമന സി.ഐ സുജിത്, എസ്.ഐമാരായ സുനിത് കുമാർ, നിസാറുദീൻ, സി.പി.ഒമാരായ ശ്രീനു, ഹരീഷ്, വനിത സി.പി.ഒ ബിജി എന്നിവർ ഉൾപ്പെട്ട സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments