തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യപിക്കാൻ പണം നല്‍കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.
മകനായ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പടനിലം സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടു വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹന്‍ ഉത്തരവിട്ടു.
2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയെ തെളിവുകളുടെയും അയൽവാസികളുടെ മൊഴികളടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഗോപകുമാർ മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ഇത് കൊടുക്കാതിരുന്നാൽ അമ്മയെ സ്ഥിരമായി മർദിക്കുകയും ചെയ്യുമായിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഗോപകുമാർ സുകുമാരി അമ്മയെ ക്രൂരമായി മർദിക്കുകയും ഇതേ തുടർന്ന് എല്ലുകൾ പൊട്ടുകയും അടിവയറിൽ മാരകമായി പരുക്ക് പറ്റുകയും ചെയ്തു. നിലവിളി കേട്ട് എത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആറ്റിങ്ങൽ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Post Your Comments