കോട്ടയം: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് വിലയേക്കാൾ മൂന്ന് രൂപ കൂടുതൽ വാങ്ങി പണികിട്ടിയിരിക്കുകയാണ് ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പര്മാര്ക്കറ്റിന്. ഒടുവിൽ ഉപഭോക്താവിന് 10,000 രൂപയാണ് പിഴയായി നൽകേണ്ടി വന്നത്. മാമ്മൂട് സ്വദേശി ബിനു ആന്റണിയുടെ പരാതിയിലാണ് നടപടി. കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
2021 സെപ്റ്റംബറിലാണ് സംഭവം. ചങ്ങനാശ്ശേരി പാറേൽപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിൽനിന്ന് കെ.എൽ.എഫിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണ ബിനു വാങ്ങിയിരുന്നു. വെളിച്ചെണ്ണ പാക്കറ്റിൽ 235 രൂപയാണ് എം.ആർ.പി.യായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ, വിനോദിൽനിന്ന് 238 രൂപയാണ് വാങ്ങിയത്. അധികവില വാങ്ങിയതിനെതിരെയാണ് ബിനു പരാതി നൽകിയത്. അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു. നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് വിശദമായ തെളിവെടുപ്പിനുശേഷം കമ്മീഷൻ കണ്ടെത്തി.
പായ്ക്കറ്റിൽ പ്രിന്റ് ചെയ്തതിനേക്കാൾ അധികമായ വില ഈടാക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. അധികം വാങ്ങിയ മൂന്നുരൂപ 2021 സെപ്റ്റംബർ ഏഴുമുതലുള്ള ഒൻപതുശതമാനം പലിശസഹിതം തിരികെ നൽകാനും നിയമനടപടികൾമൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് 10,000 പരാതിക്കാരന് നൽകാനുമാണ് ഉത്തരവ്.
Post Your Comments