ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍, അത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും (പിഡിപി) നാഷണല്‍ കോണ്‍ഫറന്‍സിനെയും (എന്‍സി) മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ചിലര്‍ കരുതി. ബുള്‍ഡോസറുകള്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കാന്‍ വന്നപ്പോള്‍, ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമാണെന്ന് ആളുകള്‍ മനസ്സിലാക്കി, ‘പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്ത് മെഹബൂബ മുഫ്തി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിനായി ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ പിതാവിന്റെ തീരുമാനത്തെ കുറിച്ചും മെഹബൂബ പറഞ്ഞു.
ബിജെപിയെ ജമ്മു കശ്മീരിലേക്ക് ഞങ്ങള്‍ കൊണ്ടുവന്നുവെന്ന് ആരോപിക്കപ്പെടുന്നു, പക്ഷേ അവരെ എങ്ങനെ തടയും? അവര്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നു, ജമ്മുവിലെ ഭൂരിപക്ഷവും കുപ്വാരയിലെ രണ്ട് സീറ്റുകളും അവര്‍ നേടി. അവരെ തടയാന്‍ ആര്‍ക്ക് പറ്റും .മുഫ്തി സാഹിബ് ബിജെപിയുടെ കൈ പിടിച്ചതിനാല്‍ അങ്ങനെ അവരെ തടയാനായി. ഒരു വര്‍ഷം മുഫ്തി സാഹിബ് മുഖ്യമന്ത്രിയും ഞാന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രിയുമായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ അജണ്ട, ജമ്മു കശ്മീര്‍ അജണ്ട നടപ്പിലാക്കി,’ മെഹബൂബ പറഞ്ഞു
Post Your Comments