
ബംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന കുടിപ്പകയ്ക്ക് ക്ളൈമാക്സ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള ചേരിപ്പോരില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. രണ്ടു പേരെയും സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റൽ.
രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. അഴിമതി ആരോപണ പ്രത്യാരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്. സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ഇരുവർക്കും പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല. നിലവിൽ രണ്ടാൾക്കും യാതൊരു അധികാരവും പദവിയുമില്ല.
വ്യക്തിപരമായ വിദ്വേഷം പൊതുയിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു. നിലവിൽ ഇരുവർക്കും മറ്റ് ചുമതലകൾ നൽകാത്തതിനാൽ, വീട്ടിലിരിക്കേണ്ടുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതാണ് ചേരിപ്പോരിലേക്ക് നീങ്ങിയത്.
Post Your Comments