കോഴിക്കോട്: പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടിലെ കാർ പോർച്ചിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണ് മരിച്ചത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ് ഇരയുടെ അയൽവാസി കൂടിയായ ഉണ്ണി. ഇരയുടെ വീട്ടിലെത്തിയ ഇയാൾ കാർ പോർച്ചിൽ ആണ് തൂങ്ങിമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ താൻ പീഡിപ്പിച്ചിട്ടില്ലെന്നും, തന്നെ കുടുക്കിയതാണെന്നുമാണ് ഇയാൾ ആരോപിച്ചത്. കേസ് നടന്നുകൊണ്ടിരിക്കെയാണ് ആത്മഹത്യ. ചെയ്യാത്ത കുറ്റത്തിന് നിയമനടപടികൾ നേരിടേണ്ടി വരുന്നതിലെ മനപ്രയാസം ഇയാൾ പരിചയക്കാരോട് പങ്കുവെച്ചിരുന്നു.
2021-ലാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരിയായ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. തുടർന്ന്, ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയെങ്കിലും ഇപ്പോഴും കേസിന്റെ നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് ഇരയുടെ വീട്ടിലെത്തി ഇയാൾ തൂങ്ങിമരിച്ചത്. നിലവിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കേസ് എടുത്തപ്പോൾ തന്നെ ഇയാളെ സർവീസിൽ നിന്ന് സ്‍പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഇയാൾ ആരോപിച്ചത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Post Your Comments