തിരുവനന്തപുരം: വർഗീയ ശക്തികളായ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തിപകരാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് വർഗീയ ശക്തികൾ തമ്മിൽ ചർച്ച നടത്തിയാലും ഏറ്റുമുട്ടിയാലും ആരും തോൽക്കുകയും ജയിക്കുകയുമില്ല, പരസ്പരം ശക്തി സംഭരിക്കുകയാണ് ചെയ്യുക. ആർഎസ്എസുമായി ചർച്ചനടത്തിയിട്ട് അവരുടെ വർഗീയ നിലപാട് തിരുത്താൻ കഴിയുമോ. ഗാന്ധിവധം മുതൽ ആർഎസ്എസ് എടുക്കുന്ന വർഗീയവാദ നിലപാടുകൾ അറിയുന്ന ഒരാളും അവരുമായി ചർച്ചക്ക് തയ്യാറാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇവരെ മറികടക്കാൻ മതനിരപേക്ഷ ഉള്ളടക്കമാണ് ബദൽ. ബിജെപിക്ക് ബദലാകാൻ ഒരിടത്തും കോൺഗ്രസിനാകില്ല. ഏത് സംസ്ഥാനത്താണ് കോൺഗ്രസ് പ്രധാന ശക്തിയെന്ന് പറയാനാവുക. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് എത്രസീറ്റ് കുറയും എന്നതുമാത്രമേ നോക്കാനുള്ളു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാ മതനിരപേക്ഷ ശക്തികളുമായി സഖ്യമാണ് വേണ്ടത്. അതാണ് ത്രിപുരയിൽ കണ്ടത്. ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി പരിഗണിച്ച് സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടണം. തെലങ്കാനയിലടക്കം അത്തരം അനുഭവം മുന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ ഞെരുക്കി എങ്ങനെ ഇല്ലാതാക്കൻ കഴിയുമെന്ന ശ്രമത്തിലാണ് കേന്ദ്രം. അതിനെതിരെയുള്ള പ്രതിരോധമാണ് വളർന്നുവരുന്നത്. ജിഎസ്ടി നഷ്ടപരിഹാരം, റവന്യൂ നഷ്ടം, ജിഎസ്ടി കുടിശിക, വായ്പാപരിധി കുറയ്ക്കൽ എന്നിവയാൽ സംസ്ഥാനത്തിന് നാൽപ്പതിനായിരം കോടിയുടെ വരുമാനക്കുറവാണുള്ളത്. അതിനെ പ്രതിരോധിക്കാനാണ് ഇഷ്ടമില്ലാഞ്ഞിട്ടും കേരളത്തിൽ സെസ് ഏർപ്പെടുത്തേണ്ടിവന്നത്. ഇക്കാര്യം പൊതുജനങ്ങൾക്കറിയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. .
Post Your Comments