കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ആരോപണവുമായി ജമാഅത്തെ ഇസ്ലാമി. ‘ കേരളത്തില്‍ മാത്രം വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമി -ആര്‍എസ്എസ് രഹസ്യചര്‍ച്ച എന്ന രീതിയില്‍ ചിലര്‍ വ്യാപകമായി ബഹളംവെക്കുയാണ്. കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ട്. അപ്പോഴൊന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ വരാറില്ല. എല്ലാവരുമായി ചര്‍ച്ചയാകാമെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്’, അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി, ചില ക്രിസ്തീയ സഭകള്‍ എല്ലാം ചര്‍ച്ച നടത്തുമ്പോഴും അതിന്റെ പേരില്‍ ഇവിടെ ഒരു ബഹളവും നടക്കാറില്ല. അപ്പോഴൊന്നും അത് ഇന്ത്യയിലെ മതനിരപേക്ഷ മുന്നേറ്റത്തിന് അപകടം വരുത്തുമെന്ന് കേരളത്തിലെ മുഖ്യമന്ത്രി ആശങ്കപ്പെട്ടിട്ടില്ല. ഇത് ശുദ്ധ ഇസ്ലാമോഫോബിയ ആണ്. അങ്ങനെ ഒരു പ്രിവിലേജ് നിങ്ങള്‍ക്കില്ല എന്ന മറുഭാഷയാണ് മറുപടി.
എല്ലാവരുമായി ചര്‍ച്ചയാകാമെന്നതാണ് സംഘടനയുടെ നിലപാട്. ചര്‍ച്ചയില്‍ എന്തുപറയുന്നു എന്നതാണ് പ്രധാനം. ചര്‍ച്ച നടത്തിയതിന് പിന്നാലെ, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ഒരു കുറിപ്പ് വന്നു, അതില്‍ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. ഉള്ളടക്കം വ്യക്തമാക്കണമെന്നതുള്‍പ്പടെ. മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എം എന്നയാളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. 2016ല്‍ നടത്തിയ ചര്‍ച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിഞ്ഞത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments