കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്ന വഴികളില്‍ കറുപ്പിനു വീണ്ടും വിലക്ക്. സിപിഎം മുന്‍ എംഎല്‍എയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചു. കണ്ണൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 2 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍തടങ്കലിലാക്കി. ചാലില്‍ കല്ലൂക്കാരന്റവിട കെ.ആര്‍.മുനീര്‍ (42), മാക്കിട്ടപുരയില്‍ വി. മുനീര്‍ (36) എന്നിവരെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പുറപ്പെട്ടശേഷമാണ് വിട്ടയച്ചത്.
രാവിലെ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജിലെ ജൈവവൈവിധ്യ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാന്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസ് പറയുന്നു. ചടങ്ങിനെത്തിയവരുടെ ബാഗ് ഉള്‍പ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല.
കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുന്‍ എംഎല്‍എ സി.പി.കുഞ്ഞുവിന്റെ ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ മുഖ്യമന്ത്രി ഉച്ചയ്‌ക്കെത്തി. ഇതിനു തൊട്ടുമുന്‍പാണ് ജംഗ്ഷനില്‍ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റില്‍ കെട്ടിയിരുന്ന കറുത്ത കൊടി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. മരണവിവരം അറിയിക്കുന്ന ബോര്‍ഡിനു മുകളിലുള്ള കൊടി പൊലീസ് ഉടന്‍ അഴിച്ചുമാറ്റി. കോഴിക്കോട് ഡപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദിന്റെ പിതാവാണ് കുഞ്ഞു.
Post Your Comments