തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്. സംസ്ഥാന ഭരണകൂടം സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത് അപ്രഖ്യാപിത അടിയന്താരാവസ്ഥയ്ക്ക് തുല്യമായ നടപടികളാണെന്നും സുധാകരൻ പറഞ്ഞു.
നാടുനീളെ കരിങ്കൊടി പ്രതിഷേധം നടത്തിയ സിപിഎമ്മിന്റെ മുഖ്യമന്ത്രിയുടെ കറുപ്പ് പേടി കാരണം നാട്ടിൽ മുസ്ലീം സ്ത്രീകൾക്ക് പറുദയും തട്ടവും ധരിക്കാൻ കഴിയുന്നില്ല. പോലീസ് മുഖ്യമന്ത്രിയുടെ സഞ്ചാരപഥത്തിന്റെ പേരിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷൻമാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്. സമരങ്ങൾ നടത്തിയ പാരമ്പര്യത്തിന്റെ മേന്മ വിളമ്പുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും എന്നു മുതലാണ് പ്രതിഷേധങ്ങളോട് ഇത്രയും പുച്ഛം ഉണ്ടായത്. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ ജയിലിലടയ്ക്കാമെന്നാണ് കരുതുന്നതെങ്കിൽ അതിന് കേരളത്തിലെ ജയിലറകൾ പോരാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബിജു സർക്കാരിനെ പ്രതി സന്ധിയിലാക്കി എന്ന് കൃഷി മന്ത്രി, അതിഥി കർഷകൻ എന്ന് ട്രോൾ
Post Your Comments