കണ്ണൂര്‍: ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്ന് ജിജോ പറയുന്നു. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയായിരുന്നു ജിജോയുടെ പ്രതികരണം. മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ന്യായീകരിച്ചും ജിജോ തില്ലങ്കേരി നേരത്തെ രംഗത്തെത്തിയിരുന്നു. ‘കൊല്ലാന്‍ തോന്നിയാല്‍ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാന്‍ പറ്റുമോ’ എന്നായിരുന്നു കമന്റ്. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കുറിച്ചത്.
അതേസമയം, ക്വട്ടേഷൻ തലവനായ ആകാശിനെതിരെ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി ജയരാജനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു. ആകാശിനെ അനുകൂലിച്ചും പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സി.പി.എം നേതൃത്വം ഒരുങ്ങുന്നത്. ആകാശ് ക്യാമ്പ് ആരാധിക്കുന്ന പി ജയരാജനെ തന്നെ തില്ലങ്കേരിയില്‍ എത്തിച്ച് ഈ ടീമിനെ പാര്‍ട്ടി വീണ്ടും തള്ളി പറയും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചുവെന്നാണ് കോണ്‍ഗ്രസ് ഉയർത്തുന്ന ആരോപണം. ആകാശിന് ഇനി മറുപടി പറയേണ്ടതില്ലെന്ന് വ്യക്തമാക്കിയ ജില്ല നേതൃത്വമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ആകാശിന്റെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണക്കുന്നുവെന്നത് വിഭാഗീയത നീക്കമാണെന്ന തോന്നല്‍ നേതൃത്വത്തിനുണ്ട്.
Post Your Comments