
എല്ലാ വീടുകളിലെ അടുക്കളയിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് ഇഞ്ചി. സാധാരണഗതിയില്‍ കറികളിലും വിവിധ വിഭവങ്ങളിലുമെല്ലാം ഫ്ളേവര്‍ നല്‍കുന്നതിനാണ് ഇഞ്ചി ചേര്‍ക്കുന്നത്.
എന്നാല്‍ ഫ്ളേവറിനുള്ളൊരു ചേരുവ എന്നതില്‍ കവിഞ്ഞ്, ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളുമേകാൻ ഇഞ്ചിക്ക് സാധ്യമാണ്. പരമ്പരാഗതമായി ഒരു ഔഷധമെന്ന നിലയില്‍ ഇഞ്ചിയെ കണക്കാക്കുന്നവരും ഏറെയാണ്.
ഇഞ്ചി ഉണക്കി പൊടിച്ചതും (ചുക്ക് പൊടി) ഇതുപോലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ പോലുള്ള അണുബാധകള്‍ ഒഴിവാക്കുന്നതിനും, ശരീരവേദനകള്‍ക്ക് ആശ്വാസം പകരുന്നതിനുമെല്ലാം ഇത് ഏറെ സഹായകമാണ്.
ഇഞ്ചിയിലടങ്ങിയിരിക്കുന്ന ‘ബയോആക്ടീവ് മോളിക്യൂളുകള്‍’ ആണ് കാര്യമായും ആരോഗ്യത്തിന് പലരീതിയിലും ഗുണകരമായി വരുന്നത്. ഇഞ്ചിയിലെ ആന്റി- ഓക്സിഡന്റുകളും രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ശരീരത്തിലെത്തുന്ന പ്രോട്ടീൻ- ഫാറ്റ് എന്നിവയെ വിഘടിപ്പിക്കുന്നതിനും ഇഞ്ചി പ്രയോജനപ്പെടുന്നുണ്ട്.
പക്ഷെ ഇഞ്ചി ഉണക്കിപ്പൊടിച്ചത് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. നമുക്കിത് ചായയുണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ രാത്രിയില്‍ കിടക്കും മുമ്പ് പാലില്‍ അല്പം കലര്ത്തിക്കഴിക്കാം. അതല്ലെങ്കില്‍ ശര്‍ക്കരയും നെയ്യും ഇഞ്ചിപ്പൊടിയും ഒന്നിച്ച് ചേര്‍ത്തും അല്പം കഴിക്കാം.
ചര്‍മ്മം വരണ്ട് തിളക്കം നഷ്ടപ്പെടുന്ന അവസ്ഥ, മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും, നല്ല ഉറക്കവും ഊര്‍ജ്ജവും ഉറപ്പിക്കാനും, ചുമ-ജലദോഷം പോലുള്ള സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമെല്ലാം ഇത് ഏറെ സഹായിക്കുന്നു.
ധാരാളം പേര് ദഹനസംബന്ധമായ പ്രയാസങ്ങളകറ്റുന്നതിനും ഇഞ്ചിയെ ആശ്രയിക്കാറുണ്ട്. ഗ്യാസ്, ദഹനമില്ലായ്മ, പുളിച്ചുതികട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം നല്കാൻ ഇഞ്ചിക്ക് കഴിയും. ദഹനക്കുറവ് നേരിടുന്ന പക്ഷം ഇഞ്ചിനീരില് അല്പം ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് കഴിക്കുന്നവരും ഏറെയുണ്ട്.
Post Your Comments