മുഖം മാറ്റാന്‍ റിപ്പോര്‍ട്ടര്‍, നികേഷ് കുമാറിനു പകരം വിവാദ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ : വിശദാംശങ്ങള്‍ ഇങ്ങനെ

ട്വന്റി ഫോറില്‍ നിന്ന് കേരള സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരിച്ചുപോയ അരുണ്‍ മാധ്യമരംഗത്തേക്ക് തിരിച്ചുവരാനുളള ശ്രമം നടത്തുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ പുതിയ ഉടമകള്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്

കൊച്ചി: പുതിയ ഉടമകള്‍ വന്നതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ മുഖം മിനുക്കാനൊരുങ്ങുന്നു. നികേഷ് കുമാര്‍ വിറ്റൊഴിയുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ തലപ്പത്തേക്ക് എഡിറ്ററായി വരുന്നത് ട്വന്റി ഫോര്‍ ന്യൂസിലെ അവതാരകന്‍ ആയിരുന്ന ഡോ. അരുണ്‍കുമാര്‍ ആണെന്നാണ് സൂചന. ട്വന്റി ഫോറില്‍ നിന്ന് കേരള സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരിച്ചുപോയ അരുണ്‍ മാധ്യമരംഗത്തേക്ക് തിരിച്ചുവരാനുളള ശ്രമം നടത്തുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ പുതിയ ഉടമകള്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത് . ഇത് ധാരണയിലായി സര്‍വകലാശാലയില്‍ നിന്ന് അവധി ലഭിച്ചാല്‍ നികേഷ് കുമാറിന് പകരം അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി എത്താനാണ് സാധ്യത.

Read Also: ആന്ധ്രയിലും മധ്യപ്രദേശിലും ഭൂചലനം

എഷ്യാനെറ്റില്‍ നിന്ന് ട്വന്റിഫോറിലേക്ക് വന്ന അവതാരക സുജയാ പാര്‍വതിയും അരുണ്‍ കുമാറിനൊപ്പം റിപ്പോര്‍ട്ടിലേക്ക് എത്തിയേക്കുമെന്നാണ് മാധ്യമരംഗത്തെ പ്രചരണം. മാതൃഭൂമിയില്‍ നിന്ന് ഹാഷ്മി താജ് ഇബ്രാഹിം എത്തിയതോടെ ട്വന്റി ഫോറില്‍ പ്രാമുഖ്യം കുറഞ്ഞ സുജയ ഇപ്പോള്‍ ഇന്‍പുട്ട് വിഭാഗത്തിന്റെ ചുമതലയിലാണ്.

നികേഷ് കുമാറില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി വാങ്ങിയ മാംഗോ മൊബൈല്‍സ് ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ ചാനല്‍ ഉടച്ചുവാര്‍ക്കാനുളള പരിശ്രമത്തിന്റെ ഭാഗമായി ട്വന്റി ഫോര്‍ സി.ഇ.ഒ അനില്‍ അയിരൂരിനെ മാനേജ്‌മെന്റ് തലപ്പത്ത് നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരുടെ വിശ്വസ്തനായിരുന്ന അനില്‍ അയിരൂരിനെ അടുത്ത കാലത്ത് പ്രധാന ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വി മുഖം മിനുക്കാന്‍ ഒരുങ്ങുമ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായി തുടങ്ങിയ ‘ദ ഫോര്‍ത്ത്’ ഉപഗ്രഹ ചാനല്‍ രംഗത്തേക്ക് കടക്കാനുളള തയ്യാറെടുപ്പിലാണ്. നേരത്തെ സംപ്രേഷണം തുടങ്ങി നിലച്ചുപോയ ചാനലിന്റെ ലൈസന്‍സ് ഉപയോഗിച്ചുളള പരീക്ഷണ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15ന് ഔദ്യോഗിക സംപ്രേഷണം തുടങ്ങുക ലക്ഷ്യമിട്ടുളള തയാറെടുപ്പിലാണ് ‘ദ ഫോര്‍ത്ത്’ . ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍ ബ്യൂറോ ചീഫ് ബി. ശ്രീജന്റെ നേതൃത്വത്തിലാണ് ‘ദ ഫോര്‍ത്ത്’ ചാനല്‍ രംഗത്തേക്ക് കടക്കുന്നത്.

ഇതിനിടെ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മംഗളം ചാനലിന് പൂട്ടുവീണു. വായ്പാ തിരിച്ചടവ് മുടങ്ങിയ മംഗളം ചാനലിന്റെ ഉപകരണങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജപ്തി ചെയ്തു. വ്യാഴാഴ്ച തിരുവനന്തപുരത്തെ ചാനലിന്റെ ആസ്ഥാനം പൂട്ടിയ ബാങ്ക് അധികൃതര്‍ ക്യാമറയും സംപ്രേഷണ ഉപകരണങ്ങളും പിടിച്ചെടുത്തു.

 

Share
Leave a Comment