Latest NewsKeralaNews

‘എന്നേയും കൂടെ കൊണ്ടു പോകൂ, എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ?’: പ്രണവിനെ പിരിയാൻ കഴിയാതെ ഷഹാന

ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് മടങ്ങി. ഇന്ന് രാവിലെയാണ് സംസ്കാരം കഴിഞ്ഞത്. പ്രണവിന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന ഷഹാനയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആർക്കും സാധിക്കുന്നില്ല. വീട് വളപ്പിൽ വെച്ചായിരുന്നു സംസ്കാരം. നാടിനും നാട്ടാർക്കും പ്രണവിന്റെ വേർപാട് ഒരു നൊമ്പരമായി മാറി. പ്രണവിനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന് വീണ അച്ഛനെയും, സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുന്ന അമ്മയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് ബന്ധുക്കൾ.

സേവാഭാരതിയുടെ ഗ്യാസ് ബർണർ സംവിധാനം എത്തിച്ചായിരുന്നു സംസ്കാരം നടത്തിയത്. എന്നെയും കൂടെ കൊണ്ടു പോകൂ എന്ന് അലമുറയിട്ട് കരയുന്ന ഷഹാന ഏവർക്കും കണ്ണീർ കാഴ്ചയായി. ‘എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യാ, എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയാണെന്ന് അറിയില്ലേ, ഒരു വാക്ക് പറയാതെ പോയല്ലോ, എന്റെ ജീവൻ പകരം തരില്ലായിരുന്നോ’ എന്ന ഷഹാനയുടെ ചോദ്യം കൂടി നിന്നിരുന്ന ഓരോരുത്തരെയും കണ്ണീരിലാഴ്ത്തി.

എട്ടുവർഷം മുമ്പ് ബൈക്ക് തെന്നിവീണ് പ്രണവിന് നട്ടെല്ലിന് പരിക്ക് പറ്റുകയായിരുന്നു. ഒരുവർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഷഹാനയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ചുള്ള ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു.

Also Read:വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ കശ്മീർ വിഷയവും?അച്ഛനെ ഏറെ അത്ഭുതപ്പെടുത്തിയ ആർ.എസ്.എസിന്റെ ചരിത്രം രാജമൗലി ഒരുക്കുമോ?

ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തുകയായിരുന്നു. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം ഷഹാനയുടെ ചിത്രം നെഞ്ചിൽ പച്ചകുത്തിയ പ്രണവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പ്രണവിന്റെ കൈകൾക്ക് മാത്രമായിരുന്നു ചലനമുണ്ടായിരുന്നത്. കാലുകൾക്ക് ബലം നൽകിയതും, എഴുന്നേറ്റ് നടക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം നൽകിയതും ഷഹാന ആയിരുന്നു. വരുന്ന മാർച്ച് 4 ന് മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് പ്രണവിനെ മരണം കവർന്നെടുത്തത്. പ്രണവ് യാത്രയായത് തന്റെ ഏറ്റവും വലിയ സ്വപ്നം ബാക്കിയാക്കിയാണ്. ഭാര്യ ഷഹാനയുടെ കൈപിടിച്ച് നടക്കണമെന്ന പ്രണവിന്റെ സ്വപ്‌നം മാത്രം പൂവണിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button