ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം

ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി എത്തുമ്പോള്‍ ഈ ദിവസം കൂടുതല്‍ അനുഗ്രഹപ്രദമാകുന്നു. മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. ഇത്തവണത്തെ മഹാശിവരാത്രി 2023 ഫെബ്രുവരി 18 (1198 കുംഭം 6), ശനിയാഴ്ചയാണ് വരുന്നത്. ശനിപ്രദോഷ ശിവരാത്രി അത്യപൂര്‍വ്വമായിട്ടാണ് സംഭവിക്കുന്നത്.

സവിശേഷകരമായ ഒരു മുഹൂര്‍ത്ത ദിനമായതിനാല്‍ ഇത്തവണത്തെ മഹാശിവരാത്രി വ്രതമെടുത്ത് അനുഷ്ഠിച്ചാല്‍ ശനിദോഷങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്‌നങ്ങളും ദുരിതങ്ങളും മാറി അഷ്ട ഐശ്വര്യങ്ങള്‍ പ്രദാനമാകും. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗത്തെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് ആരാധിക്കുന്നതും ഉത്തമമാണ് .ശിവരാത്രി വ്രതം അനുഷ്ഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ ചെയ്യേണ്ടത് ഉപവാസവും ജാഗരണവുമാണ് .ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുകയും രാത്രി ഉറക്കം ഒഴിവാക്കുകയും വേണം .

ഇത് മാത്രം പോരാ; ശിവസ്മരണയോടു കൂടി തന്നെ ഈ ദിനം ഉപയോഗപ്പെടുത്തണം ശിവക്ഷേത്രദർശനം, ശിവനാമജപം, ശിവസ്തുതികളുടെ ആലാപനം, പഞ്ചാക്ഷരം (നമശ്ശിവായ), ഷഢാക്ഷരം(ഓം നമശ്ശിവായ) എന്നിവയുടെ ജപം , ശിവസഹസ്രനാമജപം, ശിവപുരാണപാരായണം എന്നിവ ഈ ദിവസം ചെയ്യണം. നന്ദികേശനും പാര്‍വ്വതിദേവിയും സുബ്രമണ്യനും ഗണപതിയും പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദര്‍ശനങ്ങള്‍ വളരെ ശ്രേഷ്ഠമായിരിക്കും. ശിവപാര്‍വ്വതി സങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ് എപ്പോഴും നല്ലത്. ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഒരാൾക്ക് ശിവസ്മരണയിലൂടെ നല്ല ചിന്തയോടു കൂടി ഈ സുദിനത്തിൽ കർമ്മനിരതനാകാം.

ഏതെങ്കിലും വിധത്തിൽ ശിവസ്മരണ ഉണ്ടായിരിക്കണമെന്നു മാത്രം. അതിന് മനഃശുദ്ധിയും ശരീരശുദ്ധിയും മാത്രം മതി. ഉപവാസം അനുഷ്ഠിക്കാൻ പറ്റാത്ത ഒരാൾ ഈ ദിനത്തിൽ പ്രധാനപ്പെട്ട ആഹാരമായ അരിഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.മറ്റു ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം. മത്സ്യമാംസാദികൾ, ഉള്ളി, എന്നിവ വർജ്ജിക്കണം. പഴകിയ ഭക്ഷണങ്ങങ്ങൾ ഉപയോഗിക്കരുത് . സാത്വിക ഭക്ഷണമാണ് കഴിക്കേണ്ടത്. ഉപവാസം പറ്റാത്തത് കൊണ്ട് പതിവായി കഴിക്കുന്ന പ്രധാനആഹാരം ഒഴിവാക്കുന്നു എന്നുള്ളതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യാം.

Share
Leave a Comment