കൊച്ചി: സംസ്ഥാനത്തു വിമാനത്താവളങ്ങളിലൂടെ കസ്റ്റംസ് തീരുവ ഇല്ലാതെയുള്ള സ്വര്‍ണക്കടത്ത് കൂടുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ ഒരു ടണിലധികം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 2021 മാര്‍ച്ച് മുതല്‍ 2022 ഡിസംബര്‍ 31 വരെ 1003 കിലോഗ്രാം സ്വര്‍ണം പിടികൂടിയെന്നു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പിടികൂടിയ സ്വര്‍ണത്തിന്റെ അളവില്‍ വര്‍ധനവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വർണം കടത്താൻ പറ്റിയ സ്ഥലമാണ് കേരളമെന്നാണ് വെപ്പ്. കടത്തിക്കൊണ്ടു വരുന്ന സ്വർണത്തിൽ 40 ശതമാനം മാത്രമാണ് പിടികൂടുന്നതെന്നും റിപ്പോർട്ടുണ്ട്. ബാക്കി പകുതിയിലധികവും കസ്റ്റംസിന്റെയും പോലീസിന്റെയും കൺവെട്ടിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടത്രേ. അനധികൃത സ്വര്‍ണക്കടത്തില്‍ രജിസ്റ്റര്‍ ചെയ്ത 1197 കേസുകളിലായി 641 പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് തീരുവ അടയ്ക്കാതെ കടത്തിയ സ്വര്‍ണത്തിന് 1.36 കോടി രൂപ ഇക്കാലയളവില്‍ പിഴയായി ഈടാക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ പുത്തൻ രീതികൾ ആണ് പലരും പരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ ചിലത് വിജയിക്കുന്നു, മറ്റ് ചിലത് പരാജയപ്പെടുന്നു. പുതുരീതികളിലൂടെയുള്ള സ്വര്‍ണക്കടത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ആണ് കേരളത്തിൽ വ്യാപകമായിരിക്കുന്നത്. കുഴമ്പുരൂപത്തിലാക്കിയും മലദ്വാരത്തില്‍ വരെ ഒളിപ്പിച്ചും പലരും സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായിട്ടുണ്ട്. അടിവസ്ത്രത്തിനകത്തും, സാനിറ്ററി പാടിനകത്തും വരെ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ സ്ത്രീകളുടെ എണ്ണവും കുറവല്ല.
ഗര്‍ഭനിരോധന ഉറയിലാക്കി 20 ലക്ഷം രൂപയുടെ സ്വര്‍ണം ദുബായില്‍ നിന്നെത്തിച്ചു കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയും കൊച്ചിയില്‍ പിടിയിലായി. ഒരു കിലോ സ്വര്‍ണം അനധികൃതമായി കടത്തുമ്പോള്‍ അഞ്ചു ലക്ഷം രൂപയാണ് കാരിയര്‍മാര്‍ക്കു ലഭിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് അറസ്റ്റിലായ ഒരു യുവതിയിൽ നിന്നാണ് ഇക്കാര്യം കസ്റ്റംസിന് ലഭിച്ചത്.
Post Your Comments