അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ. ഇതിന്റെ ഭാഗമായി വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ ഉടൻ നൽകിയേക്കും. പ്രധാനമായും അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിനാണ് കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നത്. നിലവിൽ, ആകാശ എയർ 17 ബോയിംഗ് 737 മാക്സിമം വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
പ്രവർത്തനമാരംഭിച്ച് 200 ദിവസങ്ങൾ മാത്രമാണ് പിന്നിട്ടതെങ്കിലും, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് കാരിയറുമായി കടുത്ത മത്സരമാണ് ആകാശ എയർ കാഴ്ചവയ്ക്കുന്നത്. 2022 നവംബറിൽ 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ ബോയിംഗ് കമ്പനിയുമായി ആകാശ എയർ കരാറിൽ ഏർപ്പെട്ടിരുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് ഈ 72 വിമാനങ്ങളും ആകാശ എയറിന്റെ സ്വന്തമാകും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം കൂട്ടിച്ചേർക്കാനാണ് പദ്ധതി.
2022- ൽ നൽകിയ ഓർഡറിന് പുറമേയാണ് വലിയ വിമാനങ്ങൾ വാങ്ങാൻ ആകാശ പദ്ധതിയിടുന്നത്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ, 2023- ന്റെ അവസാനത്തോടെ ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ആകാശ എയർ സർവീസ് നടത്തുന്നതാണ്. എയർ ഇന്ത്യ രണ്ടുദിവസം മുൻപ് ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് ആകാശ എയറിന്റെ നീക്കവും.
Post Your Comments