കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സിപിഎം വെട്ടിലായി. ഇതോടെ ആകാശിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ആരംഭിച്ചു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also:‘നായര്‍ പുരുഷന്മാര്‍ക്ക് പെണ്ണ് കിട്ടുന്നില്ല’; ആശങ്ക അറിയിച്ച് കുറിപ്പ്, ട്രോളി സോഷ്യൽ മീഡിയ
‘യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വീണ്ടും ചിലര്‍ സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആ സംഭവവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ല. അത് വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ല. കേസില്‍ നിന്നും മാപ്പു സാക്ഷിയായി രക്ഷപ്പെടാന്‍ വേണ്ടിയാണ് കൊലക്കേസിലെ പ്രതി ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. കാളപ്പെറ്റന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കൂട്ടരും, ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കാണണമെന്ന് ആഗ്രഹിക്കുന്നവരുമാണ് വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്’, ജയരാജന്‍ പറഞ്ഞു.
‘ആകാശ് തില്ലങ്കേരി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ വ്യക്തിയാണ്. അയാള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന അഭിപ്രായങ്ങള്‍ സമൂഹത്തിന് തന്നെ അപമാനമാണ്. മനുഷ്യരായി പിറന്ന ആരും അയാളുടെ പോസ്റ്റുകള്‍ വായിക്കരുത്. താന്‍ ക്വട്ടേഷന്‍ നടത്തുന്നതിനെയും കൊല നടത്തുന്നതിനെയും ന്യായീകരിക്കുകയാണ് ആകാശ് തില്ലങ്കേരി. തെറി രാജാവാകാന്‍ നോക്കുന്ന ക്വട്ടേഷന്‍ രാജാവാണ് ആകാശ്. ഇയാള്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും. പച്ച കള്ളങ്ങള്‍ക്കൊന്നും പാര്‍ട്ടി മറുപടി പറയുന്നില്ല. പാര്‍ട്ടി ഒന്നും തന്നെ ക്വട്ടേഷന്‍ കമ്പനികളെ ഏല്‍പ്പിക്കാറില്ല. കമ്യൂണിസ്റ്റുകാര്‍ ക്വട്ടേഷനായി മാറുമെന്ന് ആരും കരുതേണ്ട. മാര്‍ക്‌സിസം തൊഴിലാളി വര്‍ഗത്തിന്റെ പ്രത്യയ ശാസ്ത്രമാണ്. അവിടെ ക്വട്ടേഷന്‍കാര്‍ക്ക് സ്ഥാനമില്ല. ഇന്റര്‍നാഷണല്‍ അന്വേഷണ ഏജന്‍സി ഉണ്ടെങ്കില്‍ കേസ് വേണമെങ്കില്‍ വീണും അന്വേഷിക്കട്ടെ. സിപിഎമ്മിന് മടിയില്‍ കനമില്ല, അതുകൊണ്ട് ഒന്നിലും പേടിക്കേണ്ട ആവശ്യവുമില്ല. പക്ഷെ ഇനി ഒരു അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട കേസല്ല ഷുഹൈബ് വധം’,ജയരാജന്‍ പറഞ്ഞു.
Post Your Comments