ദുബായ്: അടുത്ത വർഷങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ ശതകോടീശ്വരൻ റേ ഡാലിയോ. ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനായ ഡാലിയോ. ‘ഗവൺമെന്റുകളും മാറുന്ന ലോകക്രമവും’ എന്ന സെഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇന്ത്യയെ പുകഴ്ത്തിയത്.
യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവിയുമായി സംസാരിക്കുമ്പോഴായിരുന്നു, ഇന്ത്യയ്ക്ക് നല്ല ഭാവിയുണ്ടെന്നും അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 10 വർഷത്തെ നിരീക്ഷണത്തിൽ, മറ്റു ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ വേഗത്തിൽ വളർച്ചാ നിരക്ക് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയ്ക്ക് ഏറ്റവും വലുതും വേഗമേറിയതുമായ വളർച്ചാ നിരക്ക് ഉണ്ടാകും. ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും വലിയ പരിവർത്തനം ഈ രാജ്യം കാണും. വരും വർഷങ്ങളിൽ ഇന്ത്യ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തും’, അദ്ദേഹം പറഞ്ഞു. യുഎസിനും ചൈനയ്ക്കും അധികാര വടംവലിയുണ്ട്. എന്നാൽ, ഇന്ത്യയെപ്പോലുള്ള നിഷ്പക്ഷ രാജ്യങ്ങൾ വേഗത്തിൽ അഭിവൃദ്ധിപ്പെടുമെന്നും ഡാലിയോ കൂട്ടിച്ചേർത്തു.
‘യുദ്ധങ്ങളിൽ നിന്ന് വിട്ടുനിന്ന രാജ്യങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇന്ത്യയുടെ ഊർജസ്വലത മോഹിപ്പിക്കുന്നതാണ്. ചുരുക്കം ചില കുടുംബങ്ങളാണ് ആധിപത്യം പുലർത്തുന്നത്. എല്ലാവർക്കും പ്രവേശിക്കാൻ എളുപ്പമുള്ള സ്ഥലമല്ലെങ്കിലും നന്നായി മുന്നോട്ട് പോകുന്നു. യൂറോപ്പ് സന്ദർശിക്കാനും ഭംഗി ആസ്വദിക്കാനും പറ്റിയ സ്ഥലം മാത്രമാണ്’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments