കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് വാദം. പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന്
തയ്യാറായെന്ന് അറിയിച്ചെന്നും അഭിഭാഷകന്‍ സൈബി പറഞ്ഞു. വ്യാജസത്യവാങ്മൂലം അല്ല നല്‍കിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും ഹൈക്കോടതിയില്‍ സൈബി വാദിച്ചു.
ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ചു യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി, ഹര്‍ജിഭാഗം തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണു സ്റ്റേ നീക്കിയത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്. 2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകന്‍ വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികള്‍ 2 മാസത്തേക്കു സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീര്‍പ്പായെന്നു നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി. തുടര്‍ന്ന് വീണ്ടും കേസ് വന്നപ്പോഴാണു താന്‍ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.
Post Your Comments