KeralaLatest News

ആകാശടക്കമുള്ള ഗുണ്ടകളെ സിപിഎം വളർത്തുന്നു, ശേഷം വിവാഹം, വീട്, ജയിലില്‍ വേണ്ട സംരക്ഷണം എന്നിവ നല്‍കുന്നു’-മാര്‍ട്ടിന്‍

കണ്ണൂര്‍: സിപിഐഎമ്മിനെതിരായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഐഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്. അതിന് ആകാശ് തില്ലങ്കേരി അടക്കമുള്ള ഗുണ്ടകളെ അവര്‍ ഉപയോഗിച്ചു. ശേഷം വിവാഹം, വീട്, ജയിലില്‍ വേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷണം അവര്‍ക്ക് നല്‍കുന്നു. സിപിഐഎം ഗുണ്ടകളെ വളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു.

സിപിഐഎം പ്രാദേശിക നേതൃത്വവും ആകാശ് തില്ലങ്കേരിയും തമ്മില്‍ നേരത്തെ മുതല്‍ ഫേസ്ബുക്കില്‍ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും തുടര്‍ന്നത്.വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഐഎമ്മില്‍ പരാതി നല്‍കിയെന്നാണ് സൂചന. മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാര്‍ട്ടി ഇടപെടണമെന്നുമാണ് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടത്.

അക്രമ രാഷ്ട്രീയത്തില്‍ സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിര്‍ണ്ണായക വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് പലതും ചെയ്യിച്ചത്. ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ആകാശ് തില്ലങ്കേരി മറുപടിയായി ഇക്കാര്യം സൂചിപ്പിച്ചത്.

‘ഭയം ഇല്ലെന്ന് എടയന്നൂര്‍കാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവന്‍ തന്നെയാണ് സരീഷ്. പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങി നടക്കുന്നു. കുഴിയില്‍ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേയില്ല. ഒന്ന് ശ്രദ്ധിക്കുക, പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞ് നോക്കില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു. പട്ടിണിയില്‍ വലയുമ്പോഴും വഴി തെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മതിയാവും.’ ആകാശ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അപ്പോഴെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ..ക്വട്ടേഷനെന്ന് ചാപ്പകുത്തി മാക്‌സിമം അകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോഴാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടി വരുന്നത്. രാഷ്ട്രീയപരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്.’ എന്നും ആകാശിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button