Latest NewsKeralaNews

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ലെന്നും സുധാകരന്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും ഉദ്യോഗസ്ഥര്‍ക്ക് രചന നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നല്കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ് എന്നും അദ്ദേഹം തുറന്നടിച്ചു.

വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലെ 2.18 ഏക്കറില്‍ 500 ചതുരശ്രയടിയുള്ള 140 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നടന്ന വന്‍ അഴിമതിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അവിടത്തെ മുന്‍എംഎല്‍എ അനില്‍ അക്കരയെ അഭിനന്ദിക്കുന്നതായും സുധാകരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button