
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകളെ കുറിച്ച് അറിയാം.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായാണ് വർദ്ധിപ്പിച്ചത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും, 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും പലിശ ലഭിക്കും. 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്നും 5.75 ശതമാനമായാണ് ഉയർത്തിയത്. 91 ദിവസം മുതൽ 184 ദിവസം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കുന്നതാണ്.
185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും, 15 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും പലിശ ലഭിക്കുന്നതാണ്. അതേസമയം, ഒരു ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശയാണ് ലഭിക്കുന്നത്.
Post Your Comments