ബെംഗളുരു: സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. . കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ കേസിൽ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്.
2022 ജൂലൈ 26-നാണ് ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. ദേശീയതലത്തിൽ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് പ്രവീൺ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.
ഇന്ത്യയിൽ 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലർ സ്ക്വാഡുകൾ, അഥവാ സർവീസ് ടീമുകൾ രൂപീകരിച്ചു എന്നും കുറ്റപത്രത്തിൽ എൻ ഐ എ ചൂണ്ടികാട്ടിയിരുന്നു. ഇവർക്ക് ആയുധപരിശീലനമടക്കം നൽകിയിരുന്നുവെന്നും എൻ ഐ എ കുറ്റപത്രത്തിലുണ്ട്.
വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെയെ എസ് ഡി പി ഐ മത്സരിപ്പിക്കുക. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീൺ നെട്ടാരുവിന്‍റെ വീട് കൊലയാളി സംഘത്തിന് കാണിച്ചുകൊടുക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ഷാഫി ബെള്ളാരെയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എസ്‍ഡിപിഐ പ്രാദേശിക നേതാവായ ഷാഫി ബെള്ളാരെ പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ച് തോറ്റിരുന്നു.
Post Your Comments