KeralaLatest NewsNews

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കം:അഞ്ജു പാര്‍വതി

പ്രിവിലേജ് ഉള്ളവര്‍ക്ക് വേണ്ടി മാത്രം വായ തുറന്ന് ഓരിയിടാനും വാലാട്ടാനും കെല്പ്പുള്ള സാംസ്‌കാരിക നായകരും ബുദ്ധിജീവികളും വേണ്ടോളം ഉള്ള കേരളത്തില്‍ വിശ്വനാഥന്‍ എന്ന വനവാസി യുവാവിന്റെ മരണത്തില്‍ വായ തുറക്കില്ല, അതിനൊരു കാരണമുണ്ട്: അഞ്ജു പ്രഭീഷ്

തിരുവനന്തപുരം: മോഷണം നടത്തിയെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവം കേരളത്തിന് തീരാകളങ്കമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് വനവാസി യുവാവിനെ പ്രിവിലെജ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതെന്ന് അഞ്ജു തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also: കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഡിസിപി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സില്‍ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യര്‍ മാത്രം ദൈന്യതയാര്‍ന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോര്‍ത്ത് കരഞ്ഞു. മധു എന്ന കാടിന്റെ മകന് വേണ്ടി കരഞ്ഞത് അവന്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങള്‍ നടത്തിയ നെറികേടിനെതിരെ ശക്തമായി പ്രതികരിച്ചത് പ്രകൃതി ദേവി മാത്രമായിരുന്നു’.

‘മധുവിനെ തച്ചുടച്ചു കൊന്ന അതേ മലയാളി hypocrisy അണുവിട മാറാതെ 2023ലും പ്രബുദ്ധ കേരളം കാത്തു സൂക്ഷിക്കുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് വളപ്പില്‍ തൂങ്ങി നിന്നാടിയ വിശ്വനാഥന്‍ എന്ന പാവം മനുഷ്യന്റെ ശവശരീരം അടയാളപ്പെടുത്തുന്നു. എത്ര മാത്രം കപടത നിറഞ്ഞ മനുഷ്യരാണ് നമ്മള്‍ അല്ലേ ? മുഖപുസ്തകത്തിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും ആദിവാസി -ദളിത് മനുഷ്യര്‍ക്കായും പാവപ്പെട്ടവര്‍ക്കായും കരയുന്ന, മനുഷ്യാവകാശത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന, മനുഷ്യസ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ച് വല്ലാതെ വാചാലരാവുന്ന, സഹജീവി സ്‌നേഹത്തേക്കാള്‍ ഉദാത്തമായ മറ്റൊന്നില്ല ഭൂമിയിലെന്നു വാഴ്ത്തിപ്പാടുന്ന, സര്‍വ്വോപരി മാനവികതയുടെ വക്താക്കളെന്ന അവകാശവാദം മുഴക്കുന്ന നമ്മളിലോരോരുത്തരും സ്വയമൊന്നു ആത്മപരിശോധന നടത്തിയാല്‍ മനസ്സിലാകുന്ന, ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത ഒരു പരമാര്‍ത്ഥമുണ്ട് .അത് നമ്മിലുറച്ചു പോയ വികലമായ സോഷ്യല്‍ സ്റ്റാറ്റസിന്റെയും മലിനമായ പ്രിവിലേജുകളുടെയും അജണ്ട സെറ്റ് ചെയ്ത അധമമായ പൊതുബോധവുമാണ്. ഈ സത്യത്തെ ഉള്‍ക്കൊണ്ടുക്കൊണ്ട് ജീവിക്കുമ്പോഴും സമൂഹത്തിനു മുന്നില്‍ അത് പരസ്യമാക്കാനാഗ്രഹമില്ലാത്തതിനാല്‍ നാം സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റുകളാകുന്നു’.

 

‘അട്ടപ്പാടിയിലെ മധുവിനു വേണ്ടി വിലപിച്ച നമ്മളിലെത്രപേരുണ്ട് അതുപോലെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാളെ കണ്ടാല്‍ വീട്ടിലേക്ക് ആനയിക്കുന്നവരായി? ഒരുപക്ഷേ അങ്ങനൊരാളെ വിശക്കുന്നുവെന്നു പറഞ്ഞു വീടിനു മുന്നില്‍ കണ്ടാല്‍ ഗേറ്റിനു പുറത്ത് നിറുത്തി ഭക്ഷണം കൊടുത്തേക്കാം. അതല്ലാതെ വീട്ടിലേയ്ക്ക് വിളിച്ചു കയറ്റി ഊണുമുറിയിലിരുത്തി ഭക്ഷണം വിളമ്പാന്‍ നമ്മള്‍ തയ്യാറാവുമോ? ഇല്ല! കാരണം നമ്മിലുറങ്ങികിടക്കുന്ന സോഷ്യല്‍ സ്റ്റാറ്റസ് അവിടെ വില്ലനാവുന്നുണ്ട്. ഭൂലോക ഫ്രോഡുകള്‍ കോട്ടിട്ട് കാറില്‍ ഇരുന്നാല്‍ സാറെ എന്നു വിളിച്ചു ഓച്ഛാനിച്ചു നില്ക്കുവാന്‍ ശീലിച്ച നമുക്ക് മുഷിഞ്ഞ വസ്ത്രമിട്ട്, ചെരുപ്പില്ലാതെ നടന്നു പോകുന്നയാള്‍ വില കുറഞ്ഞ ‘ എടാ – പോടാ ‘ വിളികള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനായ ഒരാളാണ്. ഇത്തരത്തിലൊരു വേര്‍തിരിവ് നമുക്കുണ്ടായത് എങ്ങനെ? കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ കണ്ടു ശീലിച്ചതും നമ്മെ പരിശീലിപ്പിച്ചതും അങ്ങനെയാണ്. നമ്മെ വളര്‍ത്തി വലുതാക്കിയവരും ഈ സമൂഹവുമാണ് നമ്മളെ അത് പഠിപ്പിച്ചത്’.

‘വീട്ടില്‍ ജോലിക്ക് വരുന്ന മുതിര്‍ന്ന സ്ത്രീയെ പേരിട്ടു വിളിക്കുന്ന നമ്മളാണ് സഹജീവി സ്‌നേഹത്തെ കുറിച്ച് പറയുന്നത്. പത്രക്കാരന്‍, പാല്‍ക്കാരന്‍, തേങ്ങ വെട്ടുകാരന്‍, മീന്‍കാരി , ജോലിക്കാരി,ഡ്രൈവര്‍ തുടങ്ങി നിത്യജീവിതത്തില്‍ പരിചിതമുളള മുഖങ്ങളെ നമ്മള്‍ അടയാളപ്പെടുത്തുന്നതിങ്ങനെയല്ലേ?’

‘സാമൂഹികവിലക്കിന്റെ ബാലപാഠങ്ങള്‍ തുടങ്ങി വയ്ക്കുന്നത് നമ്മള്‍ തന്നെയല്ലേ? സോഷ്യല്‍ പ്രിവിലേജുകളുടെ ഗര്‍വ്വ് നമ്മളറിഞ്ഞു തുടങ്ങുന്നത് സമൂഹത്തില്‍ നിന്നുമല്ലേ? മാറേണ്ടത് നമ്മളാണ്. പ്രബുദ്ധതയുടെ മുഖംമൂടിക്കുളളില്‍ ആരും കാണാതെ ഒളിപ്പിച്ചുവച്ച കാലുഷ്യത്തെ, കാപട്യത്തെ വലിച്ചെറിയേണ്ടത് നമ്മളാണ്. എന്റെയും നിങ്ങളുടെയും ഉളളിലെ ജീര്‍ണത മറച്ചുവച്ചിട്ട് മധുവിനും വിശ്വനാഥനും വേണ്ടി വിലപിക്കുമ്പോള്‍, പ്രതിഷേധിക്കുമ്പോള്‍ പടിയിറങ്ങി പോകുന്നത് സ്വന്തം ആത്മാഭിമാനമാണ്’.

”കള്ളന്‍ – കള്ളി’ എന്നു ലേബലിട്ടു കഴിഞ്ഞാല്‍ പിന്നെ മനുഷ്യാവകാശവും ന്യായാ-അന്യായവുമൊക്കെ കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോകണമെന്ന പൊതുബോധം അടിയുറച്ച് പോയതിനാലാവും ആര്‍ക്കും ആരെയും ആള്‍ക്കൂട്ട വിചാരണ ചെയ്ത് തല്ലാനുള്ള റൈറ്റ് ഉണ്ടാവുന്നത്. പണമോ അരിയോ മൊബൈലോ മോഷ്ടിച്ചുവെന്ന് ഒരാള്‍ വിളിച്ചു പറയുമ്പോള്‍ നമ്മള്‍ അത് വിശ്വസിക്കുന്നത് ആരോപിക്കുന്നവരുടെ സ്റ്റാറ്റസ് സിംബല്‍ നോക്കിയാണ്. പുട്ടിയിട്ട് മിനുക്കിയ മുഖം വിളിച്ചുപറയുന്ന അസത്യത്തിന് ദുര്‍ബ്ബലമായി വീണു കിടക്കുന്ന യാഥാര്‍ത്ഥ്യത്തിനേക്കാള്‍ മിനുപ്പ് തോന്നുന്നത് ലുക്കിലെ വ്യത്യാസം അനുസരിച്ചാണ്. ഒപ്പം ഒരാള്‍ കളവ് ചെയ്താല്‍ പിടിച്ചു നിറുത്തി ചോദ്യം ചെയ്ത് പോലീസിനെ ഏല്പിക്കുന്നതിനേക്കാള്‍ നല്ലത് നടുറോഡിലിട്ട് അടിക്കുകയും ഇടിക്കുകയും ആണെന്ന ചീപ്പ് മെന്റാലിറ്റിക്ക് മല്ലൂസ് സ്വയം കൊടുത്തിരിക്കുന്ന പേരാണ് പ്രബുദ്ധത’.

മൊബൈല്‍ മോഷണം ആരോപിച്ച് ഒരു പിഞ്ചു കുഞ്ഞിനെ അപമാനിക്കാന്‍ ധൈര്യമുണ്ടായ, ചൈല്‍ഡ് റൈറ്റ്‌സിനെ നോക്കി കൊഞ്ഞനം കുത്താന്‍ മടിക്കാത്ത പിങ്ക് പോലീസുള്ള നാടാണിത്. ഇവിടെ ഇങ്ങനെയൊക്കെയാണ്. പ്രിവിലേജ് ഉള്ളവര്‍ക്ക് വേണ്ടി മാത്രം വായ തുറന്ന് ഓരിയിടാനും വാലാട്ടാനും കെല്പ്പുള്ള സാംസ്‌കാരിക നായകരും ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും തേരാ പാരാ നടക്കുന്ന നാട്ടില്‍ കോട്ടും സൂട്ടും കാറുമുള്ള മോണ്‍സനും റാണയ്ക്കും ഒക്കെ സ്‌പെഷ്യല്‍ കണ്‍സിഡറേഷനുണ്ട്’.

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. നാം പടുത്തുയര്‍ത്തിയ, അഹങ്കാരത്തോടെ തീറ്റിപ്പോറ്റുന്ന യജമാനത്വബോധത്തിന്റെ, സോഷ്യല്‍ പ്രിവിലേജിന്റെ രക്തസാക്ഷികളാണവര്‍.. സാമൂഹികവിലക്കുകളുടെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ നമ്മുടെ പൊതുബോധം വൈകും തോറും ഇനിയും മധുവും വിശ്വനാഥന്മാരും നമുക്കിടയിലുണ്ടാകും. മാറേണ്ടത് നമ്മളാണ്! നാമുള്‍പ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!’
#jusiceforviswanathan

 

shortlink

Related Articles

Post Your Comments

Related Articles


Back to top button