KeralaLatest NewsNews

അവർ തിരിച്ചെത്തി, ഓഫീസിൽ വെച്ച വണ്ടി പോലും എടുക്കാൻ നിന്നില്ല, നേരെ വീട്ടിലേക്ക്

പത്തനംതിട്ട: കോന്നി തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസയാത്രയ്ക്കു പോയ സംഭവം വിവാദമാകുന്നതിനിടെ, ജീവനക്കാർ തിരിച്ചെത്തി. യാത്ര വിവാദമായതറിഞ്ഞ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് വരാതെയാണ് വീടുകളിലേക്ക് മടങ്ങിയത്. താലൂക്ക് ഓഫീസില്‍ വെച്ചിരിക്കുന്ന വാഹനങ്ങള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല. രാത്രി മൂന്ന് മണിയോടെയാണ് രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാര്‍ തിരിച്ചെത്തിയത്. നേരിട്ട് ഓഫീസില്‍ എത്താതെ ജീവനക്കാരെ അവരവരുടെ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ എഡിഎം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. തഹസിൽദാർ കുഞ്ഞച്ചൻ ഉൾപെടെയുള്ളവർ സംഘത്തിലുണ്ട്. മൂന്നാർ, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നു. ആകെയുള്ള 60 ജീവനക്കാരിൽ 35 പേർ കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് ഹാജരായിരുന്നില്ല. ഇതേക്കുറിച്ച് പരാതി ഉയർന്നതോടെ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചപ്പോൾ 21 പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. 18 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ബാക്കിയുള്ളവർ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

കൂട്ട അവധി എടുത്തതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ രാജനും പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് കർശന നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ട അവധികൾ ഭാവിയിൽ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഇത്തരം കൂട്ട അവധികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button