തിരുവനന്തപുരം: ഓൺലൈൻ വഴി പണം തട്ടുന്ന സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തട്ടിപ്പിന്റെ പുതിയ വഴിയിൽ ഗൂഗിൾ പേയും. ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ പരസ്യം കൊടുത്ത പട്ടം സ്വദേശിയാണ് പുതിയതായി തട്ടിപ്പിന് ഇരയായിരിക്കുന്നത്. പരസ്യത്തിന് പ്രതികരിച്ച ആൾ സ്വയം ആർമി ഓഫീസർ എന്നാണ് പരിചയപ്പെടുത്തിയത്. പട്ടം സ്വദേശിയിൽ നിന്നും അൻപതിനായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
അഡ്വാൻസ് നൽകാൻ ഗൂഗിൾ പേ നമ്പർ ചോദിച്ചു. പണമിടാൻ നോക്കിയപ്പോൾ താങ്കളുടെ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും നിർദേശിച്ചു. 50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാൻ അടുത്ത നിർദേശം. ഗൂഗിൾ പേയിൽ 50,000 രൂപയുടെ ഒരു റിക്വസ്റ്റ് വന്നിട്ടുണ്ടായിരുന്നു. അതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പിൻ നമ്പർ അടിക്കാൻ പറഞ്ഞു. പിൻ നമ്പർ അടിച്ചതോടെ 50,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. അതു പറഞ്ഞപ്പോൾ ഒരു തവണ കൂടി 50,000 രൂപ ഇട്ടാൽ ഒരു ലക്ഷമായി തിരിച്ചുതരാമെന്നായി. അപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് യുവാവിന് മനസിലായത്.
ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോൾ ഇത്തരത്തിൽ പട്ടാള ഓഫിസർമാരുടെ പേരിൽ തട്ടിപ്പ് കഴിഞ്ഞയാഴ്ച തന്നെ 10 കേസോളം ആ ബാങ്കിലെത്തിയതായി ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ അറിയിച്ചു. സൈബർ സെല്ലിൽ പരാതി കൊടുത്തെങ്കിലും പോയ പണം പോയി എന്നായിരുന്നു മറുപടി. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് പണം പോയിരിക്കുന്നത്. ഇത് അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്തു.
Post Your Comments