പെരളശ്ശേരി: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി രംഗത്ത് വന്നതോടെ കുടുങ്ങുന്നത് അധ്യാപിക. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക റിയയെ ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്കിലും ചുരവിലും തേച്ചതായിരുന്നു കാരണം. പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതായിരുന്നു. ഇക്കാര്യം പെൺകുട്ടി പറഞ്ഞെങ്കിലും കേൾക്കാൻ അധ്യാപിക തയ്യാറായില്ല. രക്ഷിതാക്കളെ വിളിച്ചാൽ മാത്രമേ ക്ലാസിൽ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായി.
വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവര്‍കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപികയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്തെത്തി. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.
Post Your Comments