Latest NewsKeralaNews

‘യുവജനങ്ങൾക്ക് എല്ലാവർക്കും ചിന്താ ജെറോം ആകാൻ പറ്റില്ലല്ലോ?’: കേരളം വിട്ടോടുന്ന യുവാക്കൾ – വൈറൽ പോസ്റ്റ്

നല്ല ഭാവിയെ മുന്നിൽ കണ്ട് അന്യനാടുകളിലേക്ക് തൊഴിൽ തേടി പായുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, യുവജനതയെ വിമർശിച്ച് മന്ത്രി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ഭാവി എന്താകുമെന്ന് ഏകദേശ ധാരണ ഉള്ള യുവജനത നാട് വിടുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് ചോദിക്കുന്നത്. യുവജനങ്ങൾക്ക് എല്ലാവർക്കും ചിന്താ ജെറോം അല്ലെങ്കിൽ ജയ്ക്ക് ആകാൻ പറ്റില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു.

‘കണ്ണിൽകണ്ട എല്ലായിടത്തുനിന്നും കടം വാങ്ങി കുടുംബസമേതം വിദേശത്ത് ചുറ്റിക്കറങ്ങി ഒരു രൂപയുടെ വിദേശ നിക്ഷേപം പോലും കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയാതെ നാട് നശിപ്പിച്ചിട്ട്, ധൂർത്തിന് പണം ഇല്ലെന്ന് കണ്ട് നികുതി വർധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന ഭരണാധി പറയുകയാണ് ഇവിടം യൂറോപ്പ്യൻ നിലവാരമാണ് എന്ന്’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളം വിട്ട് യുവജനത അഭയാർത്ഥികളെ പോലെ അന്യനാടുകളിലേക്ക് രക്ഷപെട്ട് പോകുന്ന വാർത്തകൾ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മൾ കേൾക്കുന്നു. ഉള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടാണെങ്കിലും മക്കളെ എങ്ങനെയും കേരളത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ.
യുവജനത കേരളം വിട്ട് എന്തിനാണ് തണുപ്പ് രാജ്യങ്ങളിൽ ഒക്കെ പോയി തണുത്ത് വിറച്ച് ജീവിക്കുന്നത് എന്നാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ചോദിക്കുന്നത്. അല്ല സഖാവെ, യുവജനങ്ങൾക്ക് എല്ലാവർക്കും ചിന്താ ജെറോം അല്ലെങ്കിൽ ജയ്ക്ക് ആകാൻ പറ്റില്ലല്ലോ.
കണ്ണിൽകണ്ട എല്ലായിടത്തുനിന്നും കടം വാങ്ങി കുടുംബസമേതം വിദേശത്ത് ചുറ്റിക്കറങ്ങി ഒരു രൂപയുടെ വിദേശ നിക്ഷേപം പോലും കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയാതെ നാട് നശിപ്പിച്ചിട്ട്, ധൂർത്തിന് പണം ഇല്ലെന്ന് കണ്ട് നികുതി വർധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന ഭരണാധി പറയുകയാണ് ഇവിടം യൂറോപ്പ്യൻ നിലവാരമാണ്, അതുകൊണ്ട് 65% വരെ നികുതി ആയാലും സാരമില്ല എന്നൊക്കെ…!
ഇതുപോലുള്ള ക്യാപ്സ്യുളുകൾ മെറിട്ടിൽ പഠിച്ചിറങ്ങിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ, അവർ പോലും വിശ്വസിക്കില്ല.
എന്ത് കണ്ടിട്ടാണ് യുവജനത കേരളത്തിൽ ഇനിയും ജീവിതം തുടരാൻ തീരുമാനിക്കേണ്ടത്? എന്ത് മാറ്റമാണ് കേരളത്തിൽ അടുത്ത 10 കൊല്ലം കൊണ്ട് ഉണ്ടാകാൻ പോകുന്നത്? തള്ള് അല്ലാതെ എന്തെങ്കിലും ഒരു പദ്ധതി കേരളത്തിന്‌ ഉണ്ടോ? കേരളത്തിൽ നിന്നാൽ ക്വാളിറ്റി ലൈഫ് എങ്ങനെ ഉറപ്പാക്കാൻ കഴിയും? ഇവിടെ എന്ത് ജോലി സാധ്യത ആണ് ഉള്ളത്?
പുതിയതായി ഒന്നുമില്ല എന്നത് പോട്ടെന്നു വെയ്ക്കാം, പക്ഷെ ഉള്ളത് കൂടി ഇല്ലാതാക്കിയാലോ..
രണ്ട് വാർത്തകൾ ചൂണ്ടിക്കാണിക്കാം.
VRL എന്ന വൻകിട സ്ഥാപനം കമ്മ്യൂണിസ്റ്റ്‌ യൂണിയൻകാരുടെ ഗുണ്ടായിസം കാരണം കേരളത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചു.
കമ്മ്യൂണിസ്റ്റുകാരുടെ പിടിച്ചുപറി പല രൂപത്തിൽ ആണ്. നികുതി വർദ്ധനവിലൂടെ മാത്രമല്ല അത്. കേരളത്തിൽ നമ്മൾ ഭൂ മാഫിയ, ക്വാറി മാഫിയ, സ്വർണക്കടത്തു മാഫിയ എന്നൊക്കെ പറയാറില്ലേ, അതിലും വലിയ മാഫിയ ആണ് ട്രേഡ് യൂണിയൻ മാഫിയ. ഇതുപോലെ പിടിച്ചുപറിച്ച് തിന്നുന്ന ഒരു വർഗം ലോകത്ത് വേറെ ഉണ്ടാകില്ല.
ഒരു വശത്ത് പറയും കേരളത്തിൽ വ്യാവസായിക സൗഹാർദ്ദ അന്തരീക്ഷമാണെന്ന്. അതും കേട്ട് കേരളത്തിൽ നിക്ഷേപിക്കാൻ വരുന്ന വിഡ്ഢികൾക്കുള്ള അവസാന മുന്നറിയിപ്പാണ് ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ വിആർഎൽ കമ്മ്യൂണിസ്റ്റ് ഭീകര ട്രേഡ് യൂണിയന്റെ പിടിച്ചു പറി ഭീഷണി കാരണം കേരളത്തിലെ വൻകിട ഗോഡൗണ്‍ ഒഴിയുന്നത്. ഏകദേശം 150 പേർക്ക് നേരിട്ടും അതിന്റെ ഇരട്ടി അല്ലാതെയും ആളുകൾക്ക് തൊഴിൽ നൽകുകയും, സർക്കാരിന് ലക്ഷക്കണക്കിന് രൂപ നികുതിയായും, ഫീസ് ഇനത്തിലും മറ്റും നൽകിയ സ്ഥാപനമാണ് അടച്ചു പൂട്ടിയത്..!
ഇരുപത്തിരണ്ട് വർഷമായി പ്രവർത്തിച്ച വിആർഎൽ ലോജിസ്റ്റിക്സ് യൂണിയനുകൾക്ക് മുന്നിൽ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. യൂണിയൻ നേതാക്കന്മാരുടെ വാക്കും കേട്ട് സമരത്തിന് പോയവനൊക്കെ ഇപ്പോൾ ആരായി ?
ഇപ്പോൾ വിആർഎൽ ലോജിസ്റ്റിക്സ് തുറന്ന് പ്രവർത്തിക്കണം എന്ന് പറഞ്ഞ് സമരം ആണ് ..! മര്യാദയ്ക്ക് പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സ്ഥാപനം പൂട്ടിച്ചിട്ട്, പിന്നീട് അത് തുറക്കാൻ വേണ്ടി സമരം ചെയ്യുന്ന ഊളകൾ. അവിടെയും ലാഭം യൂണിയൻ നേതാക്കന്മാർക്ക് തന്നെയാണ്. കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട സമരത്തിന് വേണ്ടിയും പിരിവു നടത്താമല്ലോ..
നികുതി വര്ധിക്കണം എങ്കിൽ വ്യാവസായിക സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ടാകണം. തൊഴിൽ കിട്ടണമെങ്കിലും അത് തന്നെ വേണം. അതില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സാധാരണക്കാരെ പിഴിയേണ്ടി വരുന്നതും, തൊഴിൽ ഇല്ലാതെ യുവജനത നാട് വിട്ട് പോകേണ്ടിവരുന്നതും.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഹൌസ് ബോട്ട് ജീവനക്കാരുടെ സമരം. സമരത്തിൽ പങ്കെടുക്കാത്ത ഹൗസ് ബോട്ടിനു നേരെ കല്ലെറിയും എന്നായിരുന്നു ഭീഷണി..! ടൂറിസ്റ്റ് സീസൺ ടൈം ആണ് എന്നോർക്കണം. അക്രമം പേടിച്ചു കുറെ ബുക്കിങ്ങ് ക്യാൻസൽ ആയി…!
ഇനി ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്ത മറ്റൊരു വാർത്ത നോക്കാം:-
“ഉത്തർ പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടിയിൽ 32 ലക്ഷം കോടി രൂപയുടെ 18,643 ധാരണാപത്രങ്ങൾ ലഭിച്ചു”. ഇതുവഴി ഏകദേശം 1 കോടി ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും എന്നാണ് കരുതുന്നത്.
കേരളത്തിൽ നിന്നുള്ള വ്യവസായികൾ അടക്കം വൻ നിക്ഷേപം ആണ് ഉത്തർ പ്രദേശിലും, കാശ്മീരിലും ഒക്കെ നടത്തുന്നത്. ഒരു 10 കൊല്ലം മുമ്പ് വരെ അക്രമവും, ഭീകരവാദവും നിലനിന്ന സ്ഥലങ്ങളാണ് ഇതൊക്കെ. ഇന്ന് ആ സംസ്ഥാനങ്ങളിലേക്ക് ജോലി തേടി യുവജനത ചേക്കേറുന്നു.
കേരളത്തിൽ നിന്ന് യുവജനങ്ങൾ വിദേശത്ത് പോകുന്നത് തടയാൻ നിയമം കൊണ്ടുവരും പോലും.. ? കുറച്ചു കഴിയുമ്പോൾ പറഞ്ഞേക്കും കേരളത്തിൽ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യുവജനതയെ വാളയാറിൽ തടയുമെന്ന്.. ?
യുവജനങ്ങൾ കേരളം ഉപേക്ഷിച്ചു പോകുന്നത് തടയാൻ വിമാനത്താവളത്തിന് തീ ഇട്ടത് കൊണ്ടോ, വാളയാറിൽ പാർട്ടി ചെക്ക് പോസ്റ്റ്‌ സ്ഥാപിച്ചത് കൊണ്ടോ കാര്യമില്ല. ദേശാഭിമാനി അല്ല ഇന്നത്തെ യുവജനത വിശ്വസിക്കുന്നത്. ലോകം വിരൽത്തുമ്പിൽ ആണ്. ലോകത്ത് എവിടെ എന്ത് സംഭവിക്കുന്നു എന്ന് അവർക്ക് നല്ല രീതിയിൽ അറിയാം.
വികസന കാര്യത്തിൽ ഒരു ദീർഘകാല പദ്ധതിയുമില്ലാതെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. തുടർ ഭരണം കിട്ടിയപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. കെ ഭൂതൻ പറയുന്നത് ഒന്നും താഴെ നടപ്പാകുന്നുമില്ല.
മുദ്രാവാക്യം വിളിച്ച് സമരം ചെയ്ത് VRL പൂട്ടിച്ചപ്പോൾ ഒരു കുത്തക മുതലാളി കൂടി ഇല്ലാതായി എന്ന് കരുതുന്ന വിഡ്ഢികളോട് എന്ത് പറയാൻ. പറഞ്ഞിട്ട് കാര്യമില്ല, ഇവന്മാരുടെ വാക്കും കേട്ട് സമരത്തിന് പോയവരെ പറഞ്ഞാൽ മതി..
കേരളത്തിൽ നടക്കുന്നത് എല്ലാം എല്ലാവരും കാണുന്നുണ്ട്. കുനിയാൻ പറഞ്ഞാൽ എല്ലിൻ കഷ്ണങ്ങൾ കിട്ടുമെന്ന് ഓർത്ത് മുട്ടിലിഴയുന്ന മലയാളം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത് മാത്രമാണ് യുവജനത വായിക്കുന്നത് എന്ന് കരുതരുത്.
പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് പോലും ഓരോ വർഷം കഴിയും തോറും കുറയുകയാണ്. സമീപനം മാറിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരിതം ആയിരിക്കും. മാറ്റത്തിനുള്ള ശ്രമം എങ്കിലും ഉണ്ടായിരുന്നു എങ്കിൽ അങ്ങനെ എങ്കിലും ആശ്വസിക്കാമായിരുന്നു, പക്ഷെ ഇവിടെ അതിന്റെ യാതൊരു ലക്ഷണവും ഇല്ല. ഇതെല്ലാം മനസിലാക്കി, കേരളത്തിന്റെ ഭാവി മുൻകൂട്ടി കണ്ട് കേരളം വിടുന്ന യുവജനതയെ എങ്ങനെ കുറ്റം പറയാൻ കഴിയും…?

shortlink

Related Articles

Post Your Comments

Related Articles


Back to top button