KeralaLatest News

ക്ഷേത്രത്തിൽ കാവി നിറം വിലക്കിയ പൊലീസിന് മറുപടിയായി വിശ്രമ കേന്ദ്രം കാവി നിറമാക്കി ഒരുക്കി വെള്ളായണിക്കാർ

വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ പോലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി വെള്ളായണിയിലെ ഭക്തർ. കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പോലീസുകാർക്ക് വിശ്രമ മുറി ഭക്തർ ഒരുക്കിയിരിക്കുന്നത്. ഇതിന് മുൻപിൽ കാവി കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിന് താഴെയായിട്ടാണ് പോലീസുകാർക്ക് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കാവി തുണി കൊണ്ട് മറച്ചുകെട്ടിയ വിശ്രമ കേന്ദ്രത്തിൽ ചുവന്ന പരവതാനിയും വിരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര. ഇതിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ക്ഷേത്രത്തിൽ എത്താറുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വൻ പോലീസ് സന്നാഹം തന്നെ ഇവിടെ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ കാവി ഉപയോഗിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്. ക്ഷേത്രത്തിലെ അലങ്കാരപ്പണികൾ പുരോഗമിക്കുന്നതിനിടെ കാവി നിറമുള്ള എല്ലാം നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവി കൊണ്ടുള്ള തോരണങ്ങളും ആർച്ചുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതെല്ലാം നീക്കി പല നിറങ്ങൾ കൊണ്ട് അലങ്കരിക്കാനായിരുന്നു നിർദ്ദേശം.

വിചിത്ര നിർദ്ദേശത്തെ തുടർന്ന് പോലീസുകാരും ക്ഷേത്രം ഭാരവാഹികളും തമ്മിൽ ചർച്ച നടത്തി. ഉത്സവ കമ്മറ്റിയുമായി കൂടി ചേർന്ന് മാത്രമേ ഇതിൽ തീരുമാനം കൈക്കൊള്ളാൻ കഴിയുള്ളൂ എന്ന് അധികൃതർ പറഞ്ഞെങ്കിലും അലങ്കാരങ്ങൾ നീക്കം ചെയ്യണമെന്ന പിടിവാശിയിൽ ആയിരുന്നു പോലീസ്. എന്നാൽ ഉത്സവ കമ്മറ്റി ഇത് അംഗീകരിച്ചില്ല. ഒരു പരാതി പോലും ഇല്ലാതെയാണ് അസാധാരണ നടപടിയെന്നോണം പോലീസ് തോരണങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് ഉത്സവ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഭരണ സംവിധാനമാണ് ഇതിന് പിന്നിൽ എന്നാണ് അംഗങ്ങൾ വ്യക്തമാക്കുന്നത്.

‘കമ്മ്യൂണിസ്റ്റുകാർക്ക് ഒരു ഹിന്ദു എന്ന് പറയുന്നത് ഒരു ചതുർത്ഥി കാണുന്ന മാതിരിയായി മാറിയിരിക്കുന്നു , ഹിന്ദുത്വത്തിന്റെ പ്രതീകമാണ് കാവി നിറം.  ഹിന്ദു വിരുദ്ധത കൂടി ക്ഷേത്രങ്ങളിൽ കാവി നിറം ഉത്സവത്തിന് കാവിക്കൊടികൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞ് ഓർഡർ ഇറക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി കാവി വിരുദ്ധത. മൂന്ന് വർഷത്തിൽ ഒരിക്കലാണ് വെള്ളായണി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. അത് ഈ നാടിന്റെ അല്ലെങ്കിൽ തിരുവനന്തപുരത്തെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായി തന്നെയാണ് നടക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് കഴിഞ്ഞ നിരവധി തവണ കണ്ടിട്ടുള്ളത് പോലെ തന്നെ ഹിന്ദുവിന്റെ ക്ഷേത്രങ്ങളിൽ മാത്രം അല്ലെങ്കിൽ ഹിന്ദുവിന്റെ സംസ്കാരങ്ങളിൽ മാത്രമാണ് ഇത്തരം ഇടപെടലുകൾ.’ ഉത്സവ കമ്മറ്റി ആരോപിക്കുന്നു.

അതേസമയം, വെള്ളായണി ക്ഷേത്രച്ചുമരുകൾ നിറം മാറ്റി ചുവപ്പടിച്ചതിനെതിരെ ഭാരവാഹികൾ പ്രതികരിച്ചിരുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഗ്രഹം (തിരുമുടി) അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എന്ന പേരില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി മാറ്റിയ സംഭവും 2021 ൽ വിവാദമായിരുന്നു

shortlink

Post Your Comments


Back to top button