കൊച്ചി: എറണാകുളം മരടില്‍ നിന്ന് 6,000 കിലോ പുഴുവരിച്ച മീന്‍ പിടികൂടിയ കേസില്‍ രണ്ട് കണ്ടെയ്‌നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാഡ സ്വദേശിയാണ് ഉടമ. എന്നാല്‍, വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതാണെന്നും മീന്‍ ഇടപാടുമായി ബന്ധമില്ലെന്നുമാണ് ഉടമയുടെ വാദം. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഒരു മാസത്തോളം പഴക്കമുള്ള മീന്‍ കൊണ്ടുവന്നതെന്നാണ് സൂചന. ആന്ധ്ര വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് പുഴുവരിച്ച മീന്‍കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകളും.
Read Also: അഫ്ഗാനിൽ വീണ്ടും സ്‌ഫോടനം: മൂന്ന് പേർക്ക് പരിക്ക്
മരട് നഗരസഭയുടെ കത്തനുസരിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയിലാണ് ഉടമയെ കണ്ടെത്തിയത്. കണ്ടെയ്‌നറുകള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയാണ് തന്റേതെന്നും ഇതനുസരിച്ച് നല്‍കിയതാണ് മീന്‍ കൊണ്ടുവന്ന കണ്ടെയ്‌നറുകളെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറയിച്ചു. പിഴയടച്ച് വാഹനം കൊണ്ടുപോകാന്‍ ഏജന്റിനെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഉടമ നേരിട്ടെത്താതെ വാഹനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.
പിടിച്ചെടുത്തവയില്‍ ഒരു മാസത്തോളം പഴക്കമുള്ള മീനുകളുമുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പഴക്കം കുറഞ്ഞ മീനും ചീഞ്ഞ മീനും കലര്‍ത്തി വില്‍പ്പന നടത്താനാണ് കൊണ്ടുവന്നതെന്നാണ് സൂചന. മീന്‍ പെട്ടികളിലെ രേഖപ്പെടുത്തല്‍ അനുസരിച്ച് ബംഗളൂരു ആസ്ഥാനമായ പ്രമുഖ സീഫുഡ് കമ്പനിയുടേതാണ് മീന്‍. ആലപ്പുഴയിലെ ചെറുകിട സീഫുഡ് കമ്പനിയിലേക്കാണ് മീന്‍ കൊണ്ടുവന്നതെന്നും സൂചനയുണ്ട്. ഒളിവിലുള്ള കണ്ടെയ്‌നര്‍ ഡ്രൈവര്‍മാരെ കണ്ടെത്തിയാലേ ഇക്കാര്യം വ്യക്തമാകൂ.
കണ്ടെയ്‌നര്‍ ഉടമയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് മരട് നഗരസഭ. കഴിഞ്ഞ ദിവസം മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാര്‍ കണ്ടെയ്‌നര്‍ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്‌നറുകളില്‍ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുര്‍ഗന്ധവുമുണ്ടായി. ഒരു കണ്ടെയ്‌നറില്‍ 100 പെട്ടി മീനും മറ്റൊന്നില്‍ 64 പെട്ടി മീനുമാണ് ഉണ്ടായിരുന്നത്.
Post Your Comments