കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ആഡംബര റിസോര്‍ട്ടിലാണ് താമസമെന്ന ആരോപണം ഉയർന്നിരുന്നു. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം സംബന്ധിച്ച ആരോപണങ്ങൾക്ക് വിശദീകരണവുമായി ചിന്ത രംഗത്തെത്തി. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ച് ഇരുപതിനായിരം രൂപ വാടക നല്‍കിയെന്ന് ചിന്ത വിശദീകരിച്ചു.
ഇപ്പോഴിതാ, ഈ വിഷയത്തിൽ ചിന്തയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് അധ്യാപകനും മാധ്യമപ്രവർത്തകനുമായ അരുൺ കുമാർ.
അരുണിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
സ്കൂളിൽ പഠിക്കുമ്പോഴേ ടീച്ചറെയറിയാം. പ്രസംഗ മത്സരവേദികളിലൊക്കെ ചിന്തയുടെ ഒപ്പം എപ്പോഴും കാണാം. നിറയെ ചിരിക്കും, അന്വേഷിക്കും. അച്ഛൻ്റെ മരണശേഷം ഇപ്പോൾ അവർ രണ്ടു പേരും മാത്രമാണ്. അമ്മയുടെ ഒപ്പമല്ലാതെ ചിന്തയെ കണ്ടിട്ടേയില്ല. പെൻഷണറായ ഒരു ടീച്ചർക്ക് സ്ട്രോക്ക് വന്നതിനു ശേഷമുള്ള കോവിഡു കാലത്തെ താമസത്തിനും പരിചരണത്തിനും 20000 രൂപ പ്രതിമാസം വാടകയുള്ള ഒരു ഫ്ലാറ്റ് എടുത്തത് എങ്ങനെയാണ് ഒരു വാർത്തയാക്കുന്നത്? അതും ബാങ്കു വഴി വാടക നൽകിയ തെളിവുകൾ ഉള്ളപ്പോൾ?
അമ്മയുടെ ചികിത്സയ്ക്ക്, പരിചരണത്തിന് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
ഒരു കമ്മീഷൻ ചെയർപേഴ്സൺ വിചാരിച്ചാൽ സർക്കാരിൽ വലിയ അഴിമതി നടത്താം എന്ന പരാതിക്കാരൻ്റെ ബോധ്യത്തെയും അനുഭവത്തെയും ഞാൻ ചോദ്യം ചെയ്യുന്നില്ല. നിങ്ങൾ ചിന്തയെ ഓഡിറ്റ് ചെയ്തോളു, യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയിൽ. ആ അമ്മയെയും മകളെയും വെറുതേ വിടു.
Post Your Comments