Latest NewsKerala

അപ്പായുടെ സഹോദരന് മറുപടി നൽകാൻ താനില്ല: പെന്തകോസ്ത് ആയതിനാൽ ചികിത്സ നിഷേധിക്കുന്നെന്ന പരാതിയിൽ ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം താൻ പറഞ്ഞതിൽ ഉറച്ചു നിൽകുന്നെന്നാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ പറയുന്നത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന്  സഹോദരന്‍ അലക്‌സ് ചാണ്ടി ആവര്‍ത്തിച്ചു . ഭാര്യയും മകനും മൂത്തമകളുമാണ് ചികിത്സ നല്‍കേണ്ടെന്ന് പറയുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവര്‍. പിതാവിന് മികച്ച ചികിത്സ നല്‍കണമെന്നാണ് ഇളയ മകളുടെ ആവശ്യമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നല്‍കുന്നുണ്ടെന്ന കുടുംബത്തിന്റെ വിശദീകരണം തെറ്റാണ്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് ചാണ്ടി ആരോപിച്ചു.

വിവാദങ്ങളെ തുടർന്ന് ഉമ്മൻ ചാണ്ടിയെ ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് നിമോണിയ സ്ഥിരീകരിക്കുകയും അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ്. മെഡിക്കല്‍ ബുള്ളറ്റിന്‍ നാളെ രാവിലെ 10: 30 ന് പുറത്തുവിടും.

ഉമ്മന്‍ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. നിലവില്‍ ആന്റിബയോട്ടിക്ക് മരുന്ന് കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഇന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button